തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ


തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര അജ്മൽ മൻസിലിൽ മുഹമ്മദ് ആസിഫ് (21) ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിയെന്നും ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വിതുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒളിവില്‍ പോയ പ്രതിയെ പൊലീസ് തൃശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തു. വിതുര പൊലീസിന്‍റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് പ്രതി. കൊലപാതകശ്രമം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. നിരവധി പെണ്‍കുട്ടികളോട് സമാനമായ രീതിയില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഭയം മൂലമാണ് പലരും പരാതി നല്‍കാത്തതെന്നും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال