കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ( ഇ ഡി ) അന്വേഷണവും ഉണ്ടാകുമോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം നിർണായകമാകും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ് ഐ ആർ, അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ പകർപ്പാണ് ഇ ഡി തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്.
കള്ളപ്പണ ഇടപാടിൽ ഇ ഡിക്ക് സംശയം
ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇ ഡിയുടെ ആവശ്യം. സ്വർണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ശബരിമല സ്വർണക്കൊള്ളയിലെ രേഖകൾ ഇ ഡിക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടാൽ കേസിൽ അത് നിർണായകമാകും. കള്ളപ്പണ ഇടപാടിലെ സൂചനകൾ ലഭിച്ചാൽ ഇ ഡിയുടെ അന്വേഷണമുണ്ടാകാനാണ് സാധ്യത.
കടുപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ജയകുമാർ
അതിനിടെ ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ വ്യക്തമാക്കി. ഇന്നലെവരെ ഞാൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് തന്‍റെ പ്രഥമപരിഗണന. സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അവരുടെ പശ്ചാത്തലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കു എന്നും അദ്ദേഹം വിവരിച്ചു. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. ശബരിമലയിൽ തനിക്ക് ഒരു മിഷൻ ഉണ്ടെന്നും അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം പ്രസിഡന്‍റായ ശേഷം ആദ്യമായുള്ള ശബരിമല സന്ദർശനത്തിനിടെയാണ് ജയകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല സ്വർണക്കൊളള വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റത്. മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ പ്രസിഡന്‍റായും മുൻ മന്ത്രി കെ രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നാണ് ജയകുമാർ പിന്നാലെ വ്യക്തമാക്കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖം മിനുക്കൽ ദൗത്യവുമായാണ് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്‍റ് കസേരയിലിരുത്തിയത്. സി പി ഐ പ്രതിനിധിയായയാണ് മുൻ മന്ത്രി കെ രാജുവും ചുമതലയേറ്റത്.