തന്നെ വളർത്തിയത് മലയാള സിനിമ പ്രേക്ഷകർ ആണെന്നും, അതുകൊണ്ട് തന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും പൃഥ്വിരാജ്. തന്റെ പുതിയ സിനിമയായ വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു പൃഥ്വിയുടെ പ്രതികരണം. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' നവംബർ 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
"എന്നെ വളര്‍ത്തിയത് നിങ്ങളാണ്, എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഇന്ന് ഞാന്‍ ഈ ട്രെയ്‌ലര്‍ ലോഞ്ചിനായി വരുമ്പോള്‍ ഇവിടെ ഈ പ്രേക്ഷകര്‍ കൂടിയിരിക്കുന്നത് എന്നിലുള്ള സ്‌നേഹവും പ്രതീക്ഷയും കൊണ്ടാണ്. അപ്പോള്‍ എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഞാന്‍ മോശമായാല്‍ മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല്‍ അവകാശമുള്ളത് എന്നെ വളര്‍ത്തിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തന്നെയാണ്. ഞാന്‍ എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു. 100 ശതമാനം പരിശ്രമത്തില്‍ താഴെ ഞാന്‍ ഒരിക്കലും ഒരു സിനിമയെ സമീപിക്കില്ല. എന്റെ പരിമിതമായ കഴിവുകള്‍ 100 ശതമാനം നല്‍കി വേണം എല്ലാ സിനിമയും ചെയ്യാന്‍ എന്ന ആഗ്രഹം എനിക്കുണ്ട്." പൃഥ്വി പറഞ്ഞു.
ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.