പുനഃസംഘടനയെ തുടർന്നുള്ള തർക്കം കാരണം മാറ്റിവെച്ച പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും. ഇക്കഴിഞ്ഞ 23ന് ആദ്യ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും വിഡി സതീശൻ്റെ എതിർപ്പുകാരണം യോഗം മാറ്റിവെച്ചിരുന്നു.
തിരുവനന്തപുരത്തെ ഡിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാതെ താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. തുടർന്നാണ് ഹൈക്കമാൻഡ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. അവിടെ സതീശനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉണ്ടായി. തുടർന്ന് പ്രശ്നം പരിഹരിക്കാൻ 17 അംഗ പുതിയ കോർ കമ്മിറ്റി രൂപീകരിച്ച ശേഷമാണ് യോഗം പിരിഞ്ഞത്. തുടർന്നാണ് കെപിസിസി നേതൃയോഗത്തിന് കളമൊരുങ്ങിയത്.
പുതിയ ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകുന്ന ചടങ്ങിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. പുതുതായി നിലവിൽ വന്ന കോർ കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.