പുന്നപ്ര: ആലപ്പുഴ പുന്നപ്രയിൽ ഒമ്പതു വയസുകാരന്റെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിനടിയിൽ അശ്ലീല കമന്റിട്ട യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. മരിച്ച മുഹമ്മദ് സഹിലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. ഒക്ടോബർ മൂന്നിനാണ് ആലപ്പുഴ പുന്നപ്രയിൽ വച്ച് സൈക്കിളിൽ കാറിടിച്ച് ഒമ്പതു വയസുകാരൻ മുഹമ്മദ് സഹിൽ മരിച്ചത്. വിദേശത്തായിരുന്ന പിതാവ് അബ്ദുൽ സലാമിന് സാങ്കേതിക തടസങ്ങൾ മൂലം മകനെ അവസാനമായി ഒരു നോക്ക് കാണാണോ സംസ്‍കാര ചടങ്ങുകൾക്ക് പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. വേദനയോടെ നാട്ടിലെത്തിയ അബ്ദുൽ സലാം, സുഹൃത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനടിയിലെ മകനെതിരായ അശ്ലീല കമന്റ് കണ്ടു.
തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് പോസ്റ്റിനടിയിൽ അശ്ലീല കമന്റിട്ടതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച ഒൻപത് വയസുകാരനെ അപമാനിക്കുന്നതിനൊപ്പം സാമുദായിക സ്പർദ്ദ വളർത്തുന്നതാണ് ആകാശ് ഫേസ്ബുക്കിലിട്ട കമന്റ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. സൈബർ പൊലീസ് പിടികൂടിയ പ്രതിയെ പുന്നപ്ര പൊലീസിന് കൈമാറി.