മലയാളത്തിലും റീ റിലീസ് കാലമാണ്. ഏറ്റവും കൂടുതൽ റീ റിലീസിന് എത്തിയ പടങ്ങള്‍ മോഹൻലാലിന്റേത് ആണ്. അഭൂതപൂര്‍വമായ വിജയമാണ് മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ റീ റിലീസിനു നേടുന്നത്. സ്‍ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്. ഛോട്ടോ മുംബൈ തുടങ്ങിയ സിനിമകളാണ് മുമ്പ് മോഹൻലാലിന്റേതായി തിയറ്ററില്‍ വീണ്ടും എത്തിയത്. ഇതില്‍ ഛോട്ടാ മുംബൈ തിയറ്ററില്‍ മോഹൻലാല്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അടുത്തിടെ മറ്റൊരു മോഹൻലാല്‍ ചിത്രവും തിയറ്ററില്‍ വീണ്ടുമെത്തി. 2001ൽ റിലീസ് ചെയ്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത രാവണപ്രഭു.
ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തിയത്. എപ്പോഴത്തേയും പോലെ സിനിമ മോഹൻലാൽ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രത്യേകിച്ച് റിലീസ് വേളയിൽ തിയറ്ററർ എക്സ്പീരിയൻസ് മിസ് ചെയ്തവർ. ഇപ്പോഴിതാ രാവണപ്രഭുവിന്റെ റീ റിലീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 4.70 കോടിയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. വരും ദിവസങ്ങളിലും മികച്ച കളക്ഷ്ഷൻ സിനിമയ്ക്ക് ലഭിക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.
മലയാളത്തിലെ റീ റിലീസ് ഓപ്പണിങ്ങിൽ രണ്ടാം സ്ഥാനത്താണ് രാവണപ്രഭു. 67- 70 ലക്ഷം വരെയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് മോഹൻലാലിന്റെ തന്നെ സ്‍ഫടികം ആണ്. ആകെ ആഗോള കളക്ഷൻ കണക്കിലെടുക്കുമ്പോള്‍ മണിച്ചിത്രത്താഴിനെ രാവണപ്രഭു പിന്നിലാക്കിയിരിക്കുകയാണ്. മണിച്ചിത്രത്താഴ് ആകെ 4.6 കോടി രൂപയാണ് നേടിയത്. രാവണപ്രഭുവിന് മുന്നില്‍ ഇനി രണ്ട് ചിത്രങ്ങളാണ് ഉള്ളത്. സ്‍ഫടികവും ദേവദൂതനും. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം സ്‍ഫടികം 4.95 കോടി രൂപയും ദേവദൂതൻ 5.4 കോടി രൂപയുമാണ് ആകെ നേടിയിരിക്കുന്നത്.