വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്



കണ്ണൂർ: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ നടപടി. കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്. കൈവിട്ട പ്രതിഷേധത്തിൻ്റെ സാഹചര്യം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ ഇന്നലെ പറഞ്ഞത്. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവൻ കുട്ടി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്മോൻ്റെ പ്രസ്താവന വന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال