ദില്ലി: പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർ നടപടികൾ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നൽകുമെന്ന് അന്ന് താൻ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി ദുർബലമാകും എന്നടക്കം ചില മാധ്യമങ്ങൾ മനക്കോട്ട കെട്ടി. എന്നാൽ, കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവർത്തിച്ചു. സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തിൽ ചിലത് പറഞ്ഞു പോകും. അത് അങ്ങനെ തന്നെ ഇരു കൂട്ടരും കാണും. സംസ്ഥാന നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. നയം മാറ്റി എന്നൊക്കെ പറഞ്ഞവർ തന്നെ അക്കാര്യം വിശദീകരിച്ചു കഴിഞ്ഞു. പോളിറ്റ് ബ്യൂറോ ഈ വിഷയം പരിശോധിച്ചിട്ടില്ലെന്നും പിബി കൂടാനിരിക്കുകയാണെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.