തൃശൂര്‍: ഗുരുവായൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്യാനിടയായത് കൊള്ള പലിശക്കാരുടെ ഭീഷണി മൂലമാണെന്ന് പരാതി. ഗുരുവായൂര്‍ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ കച്ചവടം നടത്തിയിരുന്ന കര്‍ണംകോട്ട് ബസാര്‍ മേക്കണ്‌ഠനകത്തു മുസ്‌തഫ (മുത്തു)യാണ് മരിച്ചത്. ഒക്ടോബർ പത്തിന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുസ്‌തഫയുടെ മരണത്തിൽ സഹോദരന്‍ ഹക്കീമാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്. നെന്മിനി തൈവളപ്പില്‍ പ്രജിലേഷ്, ചൊവ്വല്ലൂര്‍ പടി സ്വദേശി വിവേക് എന്നിവർക്കെതിരെയാണ് പരാതിയിൽ ആരോപണമുള്ളത്.
ഒന്നരവര്‍ഷം മുമ്പാണ് പ്രജിലേഷ്, വിവേക് എന്നിവരില്‍നിന്ന് ആറുലക്ഷം വീതം മുസ്‌തഫ പലിശക്കെടുത്തതായി പരാതിയില്‍ പറയുന്നത്. 20 ശതമാനം പലിശ നിരക്കില്‍ 50 ദിവസത്തിനുള്ളില്‍ തിരിച്ചടക്കാം എന്ന ധാരണയിലാണ് പണം വാങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. ആറു ലക്ഷം രൂപ വാങ്ങിയതിന് മുതലും പലിശയുമായി 40 ലക്ഷം രൂപയോളം നല്‍കിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പലിശ മുടക്കിയെന്ന പേരിൽ പ്രജിലേഷും വിവേകും പലപ്പോഴും വീട്ടിലും കടയിലും എത്തി കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. അസുഖബാധിതനായ മുസ്‌തഫയെ, പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയി കാറില്‍ കയറ്റി മര്‍ദിച്ചുവെന്ന് ആരോപണമുണ്ട്. പിന്നീട് വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ചും മുസ്തഫയെ മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. മുസ്തഫയുടെ പേരിലുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം പലിശക്കാര്‍ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഗുരുവായൂര്‍ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണഞ സി പ്രേമാനന്ദകൃഷ്ണന്‍ പറഞ്ഞു.