പെരുമ്പിലാവ് : മഴ കനത്തതോടെ തകർന്നു തരിപ്പണമായ പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന്
വെൽഫെയർ പാർട്ടി പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടിൽ വലയെറിഞ്ഞും വഞ്ചി ഇറക്കിയും തുണിയലക്കിയുമുള്ള വേറിട്ട പ്രതിഷേധം നാട്ടുകാർക്ക് കൗതുകമായി . പാർട്ടി പെരുമ്പിലാവ് യൂണിറ്റ് പ്രസിഡണ്ട് എം എൻ സലാഹുദ്ദീൻ ഉത്ഘാടനം ചെയ്തു . കാലങ്ങളായി രാഷ്ട്രീയപാർട്ടികളുടെ നിരവധി പ്രതിഷേധങ്ങളുണ്ടായിട്ടും പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല .മഴ കനത്തത്തോടെ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. റോഡ് തകർന്ന് തരിപ്പണമായ അവസ്ഥയിലുമാണ് .
റോഡിലെ വെള്ളക്കെട്ടിന് അഞ്ച് വർഷമായിട്ടും ശാശ്വത പരിഹാരമായില്ലയെന്ന് നാട്ടുകാരും പറയുന്നു. മേഖലയിൽ കാൽ നട പോലും ദുഃസ്സഹമായിരിക്കയാണ്.
മഴകനത്താൽ വഴിനടക്കാൻ പോലും പറ്റാതെ വിഷമിക്കുകയാണ് പ്രദേശത്തുകാർ. ആൽത്തറ , തിപ്പലശ്ശേരി ഭാഗത്തുനിന്നും പെരുമ്പിലാവ് ജംഗ്ഷനിലേക്ക്എളുപ്പമാർഗ്ഗം എത്താനുള്ള പാത കൂടിയാണിത്. വെള്ളക്കെട്ടുമൂലം മുന്നൂറു മീറ്ററോളം റോഡ് പാടെ തകർന്ന അവസ്ഥയിലുമാണ് കനത്ത മഴ മൂലം റോഡിനിരുവശത്തെ കാനകൾ മണ്ണ് വന്ന് നിറഞ്ഞ അവസ്ഥയിലുമാണ്. പഞ്ചായത്ത് അധികാരികൾ വെള്ളക്കെട്ട് രൂപപ്പെട്ട മേഖലയിലെ റോഡ് ശാസ്ത്രീ യമായി നിർമ്മിക്കുകയും കാനകൾ വൃത്തിയാക്കുകയും സമീപത്തെ വെള്ളം ഒഴുകി പോകുന്നതിന്നായുള്ള തോട് വൃത്തിയാക്കുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മേഖലയിൽ ഇതു മൂലം വിദ്യാർത്ഥികളും , കാൽ നടയാത്രികരും ദുരിതമനുഭവിക്കുകയാണ്. മഴ കനത്തതോടെ ഇതു വഴിയുള്ള വാഹനസഞ്ചാരവും ദുസ്സഹമായിരിക്കുകയാണ്. റോഡിലെ വെള്ള കെട്ടിനും റോഡിൻ്റെ തകർച്ചക്കും ശാശ്വത പരിഹാരം കണ്ടെത്തണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് വെൽഫെയർ പാർട്ടി വേറിട്ട പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ എം.എ കമറുദീൻ , ഷബീർ അഹ്സൻ , മൊയ്തീൻ ബാവ , സി.എം താഹ എന്നിവർ സംസാരിച്ചു.
