തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, ഡ്രഡ്ജിംഗ് പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്നും രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക്കവെയാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിലവിൽ തെക്കേ പുലിമുട്ടിൻ്റെ നീളം കൂട്ടുന്നത് ഉൾപ്പെടെയുള്ള വലിയ പ്രവൃത്തികൾക്ക് തുടക്കമായിട്ടുണ്ട്. പിഎംഎംഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി ഈ പ്രവൃത്തികൾക്ക് ലഭ്യമായിട്ടുണ്ട്. ഇതിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഉറപ്പിച്ചതായും കളക്ടർ കമ്മീഷനെ അറിയിച്ചു.
ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടുകൂടി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും കളക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.