ഇൻസ്റ്റഗ്രാമില്‍ ഐപാഡ് ഫ്രണ്ട്ലി ഡിസൈൻ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. ഐപാഡ് സ്ക്രീനുകൾക്ക് അനുയോജ്യമായ ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. ഈ പുതിയ ആപ്പിൽ റീൽസ് വീഡിയോകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
വർഷങ്ങളായുള്ള ഐപാഡ് ഉപയോക്താക്കളുടെ പരാതികൾക്ക് പരിഹാരമായിട്ടാണ് ഈ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. നേരിട്ട് റീൽസ് ഫീഡിലേക്ക് എത്തുന്ന ആപ്പ് വെർട്ടിക്കൽ വീഡിയോയും വിശാലമായ സ്വൈപ്പിങ് സ്ക്രീനും നൽകുന്നു. ഇതിനുമുൻപ് ഐപാഡിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ, ഐഫോണിനായുള്ള ആപ്പിന്റെ വലുപ്പം കൂട്ടിയ പതിപ്പാണ് ലഭ്യമായിരുന്നത്. ഇത് ചിത്രങ്ങൾ വ്യക്തമല്ലാതാക്കുകയും പല സവിശേഷതകളും ഇല്ലാതാക്കുകയും ചെയ്തിരുന്നു.
ഐഫോൺ സ്ക്രീനുകളിൽ എന്ന പോലെ തന്നെ സമാനമാണ് മറ്റ് ഫീച്ചറുകളും. ഈ ആപ്പ് തുറക്കുമ്പോൾത്തന്നെ റീൽസ് ഫീഡാണ് ആദ്യം വരുന്നത്. ഇതിന് മുകളിലായി സ്റ്റോറികളും, ഒരു ടാപ്പിലൂടെ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യവുമുണ്ട്. ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമില്‍ ചെലവഴിക്കുന്ന സമയത്തിന്റെ 20%-ത്തിലധികം റീൽസ് ഉപയോഗിക്കുന്നതിനാലാണ് മെറ്റ ഈ ഫീച്ചറിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്.
ഈ പുതിയ ആപ്പിൽ ഫോളോയിംഗ് എന്നൊരു ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ, ശുപാർശ ചെയ്യുന്ന പോസ്റ്റുകൾ, പരസ്പരം ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകൾ എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും. ഫീഡുകൾ ഇഷ്ടാനുസരണം ക്രമീകരിക്കാനും കഴിയും.
കൂടാതെ, സന്ദേശങ്ങളും നോട്ടിഫിക്കേഷനുകളും ഒരേസമയം കാണാനുള്ള മൾട്ടിടാസ്കിംഗ് ലേഔട്ട് സൗകര്യവും ഇതിനുണ്ട്. ഒരു വീഡിയോ കാണുമ്പോൾത്തന്നെ അതിലെ കമന്റുകൾ വലുതാക്കി കാണാനും സാധിക്കും. ഈ പുതിയ ഇൻസ്റ്റഗ്രാം ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ സൗജന്യമായി ലഭ്യമാണ്. ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾക്കായുള്ള ഒരു പതിപ്പ് ഉടൻ പുറത്തിറക്കുമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്.