മംഗളൂരു: സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിന് പിന്നാലെ ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മംഗളൂരുവിൽ ദേശീയപാത 66ലാണ് സംഭവം. സൂറത്കൽ സ്വദേശിനി മാധവിയാണ് (44) മരിച്ചത്.
ഇന്നലെ കുളൂരിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. മാധവി രാവിലെ 8.30-ഓടെ തന്റെ സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. കുളൂരിന് സമീപം, അവരുടെ സ്കൂട്ടർ റോഡിലെ വലിയൊരു കുഴിയിൽ വീണു. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ്, മാധവി റോഡിലേക്ക് വീഴുകയായിരുന്നു.
അതേസമയം ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ലോറി, മാധവിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മാധവിക്ക് ഗുരുതരമായ പരിക്കേറ്റു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവസികൾ പറഞ്ഞു. ദേശീയപാതയിലെ കുഴിയടക്കുന്നതിൽ വീഴ്ച വരുത്തിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനാസ്ഥയും ലോറി ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.