തിരുവനന്തപുരം: കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ അച്ഛൻ മകന്‍റെ മർദനമേറ്റ് മരിച്ചു. കുറ്റിച്ചൽ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രൻ ആണ് മകന്റെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നിഷാദ് നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ നിഷാദ് ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
ഇതിനിടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് മകൻ നിഷാദ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.