രണ്ട് സര്‍വകലാശാലാ ബില്ലുകളും രാഷ്ട്രപതിക്കയച്ച് ഗവര്‍ണര്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യംനല്‍കുന്ന സര്‍വകലാശാലകളുടെ നിയമഭേദഗതി ബില്ലും സ്വകാര്യ സര്‍വകലാശാലാ ബില്ലും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടു. ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരേ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് ചോദിച്ചിരിക്കെയാണ് ഗവര്‍ണര്‍ രണ്ട് ബില്ലും രാഷ്ട്രപതിഭവന് കൈമാറിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത് രാജ്ഭവന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.

രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി വാദം കേള്‍ക്കുകയാണ്. ഇതിനുമുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരംതേടിയിരുന്നു. നിലവിലെ വിധിപ്രകാരം ഗവര്‍ണര്‍ മൂന്നുമാസത്തിനുള്ളില്‍ ബില്ലില്‍ തീരുമാനമെടുക്കണം.
റഫറന്‍സ് നടക്കുന്ന വേളയില്‍ സുപ്രീംകോടതി വിധി ലംഘിച്ച് ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍മാരുടെ പക്കലിരിക്കുന്നത് റഫറന്‍സിനെ ബാധിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് മൂന്നുമാസ സമയപരിധിയാകുംമുന്‍പ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ തീരുമാനിച്ചത്.
സര്‍വകലാശാലകളുടെ സ്വയംഭരണത്തെ പാടേ തകര്‍ക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. പ്രൊ ചാന്‍സലറെന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകള്‍ക്ക് ഭരണപരവും അക്കാദമികവുമായ കാര്യങ്ങളില്‍ നിര്‍ദേശം നല്‍കാം. വിശദീകരണം തേടാനും കഴിയും. സെനറ്റ് യോഗങ്ങളില്‍ മന്ത്രിക്ക് അധ്യക്ഷതവഹിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥകള്‍ യുജിസി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായ സംസ്ഥാനനിയമം വന്നാല്‍ യുജിസി മാര്‍ഗനിര്‍ദേശങ്ങളായിരിക്കും നിലനില്‍ക്കുകയെന്ന് സുപ്രീം കോടതിവിധിയുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന ബില്ലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടാണ് രാജ്ഭവന് എതിര്‍പ്പെന്നാണ് സൂചന.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال