ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോർട്ട്


ദില്ലി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജൂലൈ മാസത്തിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നതെങ്കിൽ, കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർദ്ധിച്ചിട്ടുണ്ടെന്നും ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുകയാണ് എന്നാണ് ട്രംപിന്‍റെ വാദം. എന്നാൽ റഷ്യയുമായി അമേരിക്കയ്ക്കുള്ള കരാറുകൾ ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പ് പാടില്ലെന്ന മറുപടി ഇന്ത്യ നേരത്തെ നൽകിയിരുന്നു.

ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ, റഷ്യയുമായി ഇന്ത്യക്ക് ‘പ്രത്യേക ബന്ധ’മുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال