കരുവാറ്റ: കെഎസ്ആർടിസി ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാർ ഒന്നു പകച്ചു. എല്ലാം ഒരു സെക്കൻഡ് കൊണ്ട്. നിയന്ത്രണംവിട്ടതുപോലെവന്ന ആ സ്കൂട്ടർ ബസിന്റെ മുന്നിലിടിച്ച് മറിഞ്ഞു. തലയടിച്ചുവീണ സ്കൂട്ടർ യാത്രക്കാരന് പിന്നെ അനക്കമുണ്ടായില്ല. റോഡിലൂടെ ചോര പടർന്നൊഴുകി.
ബസിൽനിന്നു ചാടിയിറങ്ങിയവരും ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന വാഹനങ്ങൾക്കു കൈ കാണിച്ചു. എന്നാൽ, ഒരു വാഹനംപോലും നിർത്താൻ തയ്യാറായില്ല. കരുവാറ്റ ഒറ്റത്തെങ്ങിൽ പടീറ്റതിൽ രഘുവിനാണ് പരിക്കേറ്റത്. കന്നുകാലിപ്പാലത്തിനു സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
അപകടത്തിൽ ആദ്യം പകച്ചുപോയെങ്കിലും ബസ് ഡ്രൈവർ സതീഷ് അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായി. നാട്ടുകാർ ഡ്രൈവറെ പിന്തുണച്ചപ്പോൾ അപകടത്തിൽപ്പെട്ട് നിശ്ചലനായ റോഡിൽക്കിടന്നയാളെ എല്ലാവരുംകൂടി പിടിച്ച് കെഎസ്ആർടിസി ബസിലിരുത്തി. ഹെഡ്‍ലൈറ്റിട്ട് ആ ബസ് വണ്ടാനം മെഡിക്കൽ കോളേജിലേക്കു പാഞ്ഞു.
കെഎസ്ആർടിസി ബസ് തോട്ടപ്പള്ളി കടന്നപ്പോൾ അമ്പലപ്പുഴ ഭാഗത്തുനിന്ന് 108 ആംബുലൻസ് എത്തി. പിന്നീട് ആംബുലൻസിലാണ് പരിക്കേറ്റയാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
വണ്ടാനത്തിന് ഇപ്പുറത്തിറങ്ങേണ്ടവർ എല്ലാം ഇറങ്ങിക്കോളൂ എന്ന നിർദേശം കൊടുത്തിട്ടാണ് ബാക്കിയുള്ള ആളുകളെയും അപകടത്തിൽപ്പെട്ട മനുഷ്യനെയുംകൊണ്ട് ബസ് ആശുപത്രിയിലേക്കു കുതിച്ചത്. കണ്ടക്ടർ വൈക്കം സ്വദേശി സിജുവും രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. കെഎസ്ആർടിസിലെ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഒക്കെ അനുമതി ലഭിച്ചാൽ മാത്രമേ അപകടത്തിൽപ്പെട്ട ബസ് സാധാരണയായി അവിടെനിന്ന് ഓടിച്ചുകൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്ന നിയമം അറിയാമെങ്കിലും നിയമത്തെക്കാൾ വിലയുണ്ട് മനുഷ്യജീവന് എന്ന തിരിച്ചറിവാണ് സതീഷിനെ ഈ ദൗത്യത്തിനു പ്രാപ്തനാക്കിയത്. എട്ടുവർഷമായി കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഡ്രൈവറാണ് ഓച്ചിറ വരവിള കുമരിച്ചിനേത്ത് സതീഷ്.