തൊടുപുഴ: പരീക്ഷാഹാളിൽവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.
2014-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27-നും സെപ്റ്റംബർ അഞ്ചിനുമിടയിൽ കോളേജിൽ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടിയിരുന്നു. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാൽ, ഇൻവിജിലേറ്റർ നിർദേശം അനുസരിച്ചില്ല. വിദ്യാർഥിനികൾ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാലാണ് ഇടത് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ ഇൻവിജിലേറ്റർ ഇതിന് തയ്യാറാകാതിരുന്നത് എന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ, പീഡന ആരോപണം ഉന്നയിച്ച് അഞ്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.
പ്രൊഫസർ പരീക്ഷാഹാളിൽ വെച്ച് തങ്ങളെ ലെെംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്തത്. ലെെംഗിക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ നാല് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിൽ രണ്ടുകേസിൽ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ടു. എന്നാൽ, മറ്റ് രണ്ടു കേസിൽ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും അയ്യായിരം രൂപ പിഴയും ചുമത്തി ശിക്ഷിച്ചു.
ഇതിനെതിരെ ആനന്ദ് വിശ്വനാഥൻ 2021-ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ഇത് പരിഗണിച്ച കോടതി കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നീരീക്ഷിച്ചു. പോലീസിനെതിരെയും വിമർശനമുണ്ടായി. ആനന്ദ് വിശ്വനാഥനുവേണ്ടി അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത്ത് സി. ലാൽ എന്നിവർ ഹാജരായി.