തൃശ്ശൂരിൽ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ചമഞ്ഞ് പീഡിപ്പിച്ചു: പ്രതി അറസ്റ്റില്‍



തൃശ്ശൂര്‍: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ചമഞ്ഞ് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശി അരിക്കാട്ടുപറമ്പില്‍ ഹരീഷിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.

പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ യുവതി തലകറക്കം അനുഭവപ്പെട്ടതോടെ ആശുപത്രി പരിസരത്തെ ബസ് സ്റ്റോപ്പില്‍ ഇരുന്നിരുന്നു. അവശനിലയില്‍ യുവതി ഇരിക്കുന്നത് കണ്ടാണ് ഹരീഷ് സഹായിക്കാനെന്ന വ്യാജേന ഇവരുടെ അടുത്തെത്തിയത്. താന്‍ ആശുപത്രിയിലെ ജീവനക്കാരനാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ കൈപിടിച്ച് ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ആശുപത്രിയിലെ കെട്ടിടത്തിന്റെ മുകള്‍നിലയിലേക്കാണ് പ്രതി യുവതിയെ കൊണ്ടുപോയത്. അല്പനേരം വിശ്രമിക്കാമെന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലില്‍ കിടത്തി. താന്‍ ഒപി ടിക്കറ്റ് എടുത്തുവരാമെന്നും അതുവരെ വിശ്രമിച്ചോളൂവെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. തുടര്‍ന്ന് തിരിച്ചെത്തിയ ഇയാള്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
സംഭവത്തില്‍ യുവതി പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് തുടക്കത്തില്‍ കാര്യമായവിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. യുവതി പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ നിറവും ചില അടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال