പൂങ്കോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിലാണ് വൻ റാക്കറ്റ് പിടിയിലായത്. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വനപാലകർക്ക് ലഭിച്ചത്. ദേശമംഗലം സ്വദേശിയായ ഒരാളെ നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കേരള വെറ്ററിനറി സർവ്വകലാശാലയിലെ മുൻ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് മിഥുൻ, ശിവൻ, കെ.എം. മുരളീധരൻ എന്നിവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മിഥുൻ ഓട്ടോ ഡ്രൈവറാണ്. മുരളീധരൻ കേരള വെറ്ററിനറി സർവകലാശാലയിലെ മുൻ ഉദ്യോഗസ്ഥനുമാണ്. ഇവരെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
