ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്ക് (എന്‍എച്ച്എഐ) തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. നാലാഴ്ച ടോള്‍ പിരിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി, കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്‍മാര്‍ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി. അതേസമയം ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേട്ടപ്പോഴും കോടതി സമാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കഴിഞ്ഞ ദിവസങ്ങളിലും ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് ചോദിച്ചിരുന്നു.
ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞത്. ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്.