രാഹുൽ മാങ്കൂട്ടം എംഎൽഎയ്ക്കുനേരേയുള്ള ആരോപണം: പരാതിക്കാരെ കണ്ടെത്താനുള്ള വഴിയിലേക്ക് അന്വേഷണസംഘം



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം എംഎൽഎയ്ക്കുനേരേയുള്ള ആരോപണങ്ങളിൽ പരാതിക്കാരെ കണ്ടെത്താനുള്ള വഴിയിലേക്ക് അന്വേഷണസംഘം. മാധ്യമങ്ങളിലും ഓൺലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും ഉയർന്ന പരാതികളിൽ, അതിജീവിതകളായ പെൺകുട്ടികളെ കണ്ടെത്താനാണ് ശനിയാഴ്ചചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലെ തീരുമാനം.

പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതിനൽകിയവരും കുറവാണ്. ഒന്നോ രണ്ടോ പരാതികൾമാത്രമാണ് നേരിട്ട് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതിനൽകിയവരെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങും. കൂടുതൽ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ശേഖരിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ നൽകിയ പരാതികളാണ് ഏറെയും. ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പോലീസിനുണ്ട്.
ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോൺ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
രാഹുൽ ക്രൈംബ്രാഞ്ചിനുമുൻപിൽ ഹാജരായില്ല
യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷന്റെ വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയെന്ന കേസിൽ ക്രൈംബ്രാഞ്ചിനുമുൻപിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായില്ല. ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദേശം.
തപാൽവഴി അറിയിപ്പ് രാഹുലിന് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. പ്രത്യേക ദൂതൻവഴി വീണ്ടും നോട്ടീസ് നൽകും. ഇതിനോടും സഹകരിച്ചില്ലെങ്കിൽ അടുത്തഘട്ടനടപടി ആലോചിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال