ചേർത്തല: ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായാണ് വിവരം. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭൻ (47), കോട്ടയം ഏറ്റുമാന്നൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ അന്വഷണത്തിലാണ് വീട്ട് വളപ്പിൽ പരിശോധന നടത്തിയത്.
ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയപരിശോധനകൾ നടത്തിയാൽ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്നു തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മൂന്ന് മണിയോടെ കോട്ടയം ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന തുടങ്ങിയിരുന്നു. രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷമാണ് അസ്ഥി കഷണങ്ങൾ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പൊലീസ് പൂർണമായും ബന്തവസിലാക്കി.
കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ദരുമടക്കം വൻ പൊലീസ് സംഘം സ്ഥലത്തെത്തി. പരിശോധനകൾ രാത്രി വൈകിയും തുടരുകയാണ്. ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ് പി കെ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് തെളിവെടുപ്പു നടത്തുന്നുണ്ട്. കടക്കരപ്പള്ളി ആലുങ്കൽ പത്മനിവാസിൽ ബിന്ദുപത്മനാഭനെ 2013 ഓഗസ്റ്റ് മുതൽ കാണാനില്ലെന്നു കാട്ടി 2017ലാണ് സഹോദരൻ പ്രവീൺ ചേർത്തല പൊലീസിൽ പരാതി നൽകിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് തിരോധാനത്തിന് പിന്നിലെന്നായിരുന്നു പരാതി. ഇതിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റിയനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.