കേരളത്തിലെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയത്. ജൂലായ് 15-നാണ് ഉദ്ഘടനം. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ലഭ്യമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന ചർമം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിന്‍ ബാങ്ക്. അപകടങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് അവരുടെ സ്വന്തം ചർമം ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, സ്‌കിന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ചർമം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തില്‍ സുഖം പ്രാപിക്കാനും ജീവന്‍ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال