കണ്ണൂർ ജില്ലയിൽ നാല് പാലങ്ങൾ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് പാലങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
പേരാവൂര്‍ മണ്ഡലത്തിൽ നീണ്ടുനോക്കി പാലം, മട്ടന്നൂർ മണ്ഡലത്തിൽ വാട്ടോളി പാലം, കൂളിക്കടവ് പാലം, കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പത്തായക്കല്ല് പാലം എന്നീ പാലങ്ങളുടെ ഉദ്‌ഘാടനമാണ് മന്ത്രി നിർവഹിച്ചത്. അത്യാധുനിക നിലവാരത്തിലുള്ള പാലങ്ങളാണ് നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്കായി സമർപ്പിച്ചത്. ഇതോടെ കാലങ്ങളായുള്ള ജനങ്ങളുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുകയാണ്.
“കണ്ണൂരിൽ ഇന്ന് ബ്രിഡ്ജ് ഡേ..” എന്ന ക്യാപ്ഷനോടുകൂടി മന്ത്രി പി എ മുഹമ്മദ് റിയാസ് പാലങ്ങളുടെ അതിമനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്ന് ഒരു ദിവസം കണ്ണൂർ ജില്ലയിൽ നാടിന് സമർപ്പിച്ചത് നാല് പാലങ്ങൾ എന്നും ജനങ്ങൾ ദീർഘകാലമായി ആഗ്രഹിച്ച വികസനപദ്ധതികളാണ് ഇവിടെ യാഥാർത്ഥ്യമായത് എന്നും ഈ പോസ്റ്റിൽ മന്ത്രി പറഞ്ഞു.