തിരുവാതുക്കല്‍ ഇരട്ട കൊലക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു


കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏകപ്രതി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ കോട്ടയം വെസ്റ്റ് പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. ഇക്കൊല്ലം ഏപ്രില്‍ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാര്‍ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് ദമ്പതിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിജയകുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജോലിക്കാരനായിരുന്ന അമിത് ഉറാങ്ങി(24)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതിമാരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ ഇയാളുടെ സഹോദരന്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ മാളയിലെ കോഴിഫാമില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്.ദമ്പതിമാരുടെ കൊലപാതകം വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ കുറ്റസമ്മതമൊഴി, ശാസ്ത്രീയ തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവയെല്ലാം പോലീസിന്റെ പ്രാഥമികനിഗമനം ശരിവെയ്ക്കുന്നതായിരുന്നു.
2024 ഫെബ്രുവരി മുതല്‍ വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും പ്രതി ജോലിചെയ്തിരുന്നു. പ്രതിക്കൊപ്പം ഭാര്യയും ഇവിടെ ജോലിയിലുണ്ടായിരുന്നു. ഏഴുമാസത്തോളം ജോലിചെയ്തു. എന്നാല്‍, 20 ദിവസത്തെ ശമ്പളം കുടിശ്ശികയായി. ഇതിനിടെ അമിത്തും ഭാര്യയും നാട്ടില്‍ പോയി. ഇവരെ വിജയകുമാര്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് വീണ്ടും പത്തുദിവസത്തോളം ജോലിചെയ്തു. എന്നാല്‍, അപ്പോഴേക്കും ഒരുമാസത്തെ ശമ്പളം കുടിശ്ശികയുണ്ടായിരുന്നു. അടുത്തമാസം ശമ്പളം തരാമെന്നാണ് വിജയകുമാര്‍ പ്രതിയോട് പറഞ്ഞത്. ഇത് വിരോധത്തിന് കാരണമായി. ഈ വിരോധത്തെത്തുടര്‍ന്നാണ് വിജയകുമാറിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തത്.
പണം നഷ്ടമായവിവരമറിഞ്ഞ് വിജയകുമാര്‍ സൈബര്‍ക്രൈമില്‍ പരാതി നല്‍കി. ഇതോടെ ഇടപാട് മരവിപ്പിച്ചിരുന്നു. പ്രതിക്ക് ആ പണം ഉപയോഗിക്കാനായില്ല. കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പണം തിരികെ നല്‍കാമെന്ന് പ്രതി പറഞ്ഞു. എന്നാല്‍, വിജയകുമാര്‍ പരാതിയില്‍നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് പോലീസ് കേസെടുത്ത് അമിത്തിനെ അറസ്റ്റ് ചെയ്തു.സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ പ്രതി അഞ്ചരമാസത്തോളം ജയിലില്‍കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയശേഷവും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിജയകുമാറിനെ കണ്ടിരുന്നു. എന്നാല്‍, അദ്ദേഹം അതിന് കൂട്ടാക്കിയില്ലെന്ന് പോലീസ് പറഞ്ഞു.
ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് അമിത് റിമാന്‍ഡിലായത്. ഇതിനിടെ ഭാര്യയുടെ ഗര്‍ഭം അലസിപ്പോയി. ഇതെല്ലാം വിജയകുമാറിനോടുള്ള പകയ്ക്ക് കാരണമായി. എല്ലാത്തിനും കാരണം വിജയകുമാറാണെന്ന് പ്രതിക്ക് തോന്നി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം മൂന്നുദിവസം കോട്ടയത്തുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇടുക്കിയിലെത്തി ഹോട്ടലില്‍ ജോലിക്ക് കയറി. വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കഴിഞ്ഞ 19-ാം തീയതി കോട്ടയത്ത് എത്തി ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്നാണ് കൃത്യം നടത്തിയത്.
പ്രതിക്ക് വിജയകുമാറിനോടുള്ള ശത്രുത മാത്രമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സിസിടിവിയുടെ ഡിവിആറും ദമ്പതിമാരുടെ മൊബൈല്‍ഫോണുകളും മാത്രമാണ് പ്രതി വീട്ടില്‍നിന്ന് കൈക്കലാക്കിയത്. ഒട്ടേറെ മൊബൈല്‍ഫോണുകള്‍ പ്രതിയുടെ പക്കലുണ്ടായിരുന്നു. കൊലപാതകം നടത്തിയത് ഒരു പ്രൊഫഷണല്‍ കൊലയാളി അല്ലെന്ന് ആദ്യദിനം തന്നെ പോലീസ് മനസിലാക്കിയിരുന്നു. മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട് കുറച്ച് സാങ്കേതികവിവരങ്ങള്‍ അറിയാം എന്നതല്ലാതെ കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് പ്രൊഫഷണല്‍ സമീപനമോ അറിവോ ഇല്ല. വിജയകുമാറിന്റെ വീട്ടിലെ ഔട്ട്ഹൗസില്‍ ഇയാള്‍ ഭാര്യയ്ക്കൊപ്പം നേരത്തേ താമസിച്ചിരുന്നു. അതിനാല്‍ വീടിനകത്തെ സാഹചര്യവും വീടിനകത്ത് എങ്ങനെ കടക്കാമെന്നത് സംബന്ധിച്ചും കൃത്യമായി മനസിലാക്കുകയും ചെയ്തിരുന്നു.
അമിത്തിനെയും ഭാര്യയെയും അങ്ങോട്ട് ജോലി വാഗ്ദാനം ചെയ്താണ് വിജയകുമാര്‍ ജോലിക്ക് നിയോഗിച്ചിരുന്നത്. പ്രതിയും ഭാര്യയും നേരത്തേ വിജയകുമാറിന്റെ ലോഡ്ജില്‍ താമസിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കട്ടപ്പനയില്‍നിന്ന് കോട്ടയം വഴി ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് ഇവര്‍ ലോഡ്ജില്‍ താമസിച്ചത്. അന്നാണ് വിജയകുമാര്‍ ഇവര്‍ക്ക് ജോലി വാഗ്ദാനംചെയ്തത്. തുടര്‍ന്ന് രണ്ടുപേരെയും ജോലിയില്‍ നിയമിക്കുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ അസ്വാഭാവികമായ തുകയൊന്നും കണ്ടെത്തിയില്ല. കൃത്യം നടത്തിയ ശേഷം പെട്ടെന്ന് ഒളിവില്‍പോകാനാണ് തൃശ്ശൂരിലുള്ള സഹോദരന്റെ അടുത്തേക്ക് പോയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൂര്‍ണമായും വിവസ്ത്രമായ നിലയിലായിരുന്നില്ല. ശാരീരികമായി മറ്റ് ഉപദ്രവങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال