ഷാർജയിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി വിപഞ്ചികയുടെ സംസ്കാരം പൂർത്തിയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിപഞ്ചികയുടെ റീ പോസ്റ്റുമോർട്ടം നടന്നു. നാട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിന്റെ തുടരന്വേഷണ ചുമതല ശാസ്താംകോട്ട ഡിവൈഎസ്പി ഏറ്റെടുത്തു.
വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചതും റീ പോസ്റ്റുമോർട്ടം നടത്തിയതും. ഈ മാസം എട്ടിനായിരുന്നു വിപഞ്ചികയെയും മകൾ ഒന്നര വയസ്സുകാരി വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിധീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷിനെ നാട്ടിലേക്ക് എത്തിക്കുന്നതിനുവേണ്ട നടപടിയെടുക്കുമെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി. ബി പറഞ്ഞു.
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്കു മുൻപ് ഷാർജിയിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ കുടുംബം നിയമപോരാട്ടം നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചത്. വിപഞ്ചികയുടെ മരണത്തിന് കാരണക്കാരായ നിധീഷിനെതിരെയും ഇയാളുടെ കുടുംബത്തിനെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് വിപഞ്ചികയുടെ സഹോദരൻ വിനോദ് മണി ആവശ്യപ്പെട്ടു.