വയര്‍ലെസ് വാങ്ങല്‍ കരാറിലെ ക്രമക്കേട്: ടെലികമ്യൂണിക്കേഷന്‍സ് സിഐയുടെ മരണത്തില്‍ ആരോപണം


തിരുവനന്തപുരം: വീട്ടിനുള്ളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദമെന്ന് ആക്ഷേപം. ടെലികമ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ സിഐയായ ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ഹൗസില്‍ ജെയ്സണ്‍ അലക്സിനെ (48) യാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സേനയിലേക്ക് വയര്‍ലെസ് സെറ്റുകള്‍ വാങ്ങുന്ന കരാറുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് മരണകാരണമെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ പദ്ധതിക്ക് ആറുകോടി രൂപയുടെ കരാറാണുണ്ടായിരുന്നത്. ഇതില്‍ ക്രമക്കേട് ഉണ്ടെന്നും അതിന് കൂട്ടുനില്‍ക്കാന്‍ ജെയ്സനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്നും ഇദ്ദേഹത്തിന്റെ അമ്മ ജെമ്മ അലക്സ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്തെത്തിയ ശനിയാഴ്ചയായിരുന്നു ഈ വയര്‍ലെസ് സെറ്റുകളുടെ ട്രയല്‍.
സിറ്റി പോലീസ് കമ്മിഷണറും ജെയ്സനും ഉള്‍പ്പെടെ നാലുപേരടങ്ങിയ കമ്മിറ്റിക്കായിരുന്നു ഈ ഇടപാടിന്റെ ഉത്തരവാദിത്വം. ഇതിന്റെ ഭാഗമായി സോഫ്റ്റ്വേര്‍ അപ്ഡേഷന്‍ മറ്റൊരു കമ്പനിക്കാണ് നല്‍കിയത്. ഇതിനുപിന്നില്‍ ക്രമക്കേടുണ്ടെന്നും ഈ കരാറില്‍ ഒപ്പിടാന്‍ ജെയ്സണ്‍ വിസമ്മതിച്ചു എന്നുമാണ് ആരോപണം. കമ്മിറ്റിയംഗം എന്ന നിലയില്‍ ഭാവിയില്‍ തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ഭീതി ജെയ്സനെ അലട്ടിയിരുന്നുവെന്ന് അമ്മ പറഞ്ഞു.
എന്നാല്‍ വയര്‍ലെസ് വാങ്ങലില്‍ നിയമവിരുദ്ധ ഇടപാടുകളൊന്നുമില്ലെന്നും ജെയ്സണ്‍ അടുത്തിടെയായി വിഷാദത്തിന് അടിപ്പെട്ടിരുന്നുവെന്നുമാണ് പോലീസ് വകുപ്പ് അറിയിച്ചത്.
ആ ദിവസവും സമ്മര്‍ദമുണ്ടായി
കേന്ദ്രമന്ത്രി അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെതന്നെ ജെയ്സണ്‍ അലക്സ് സ്റ്റേഷനിലേക്ക് പോയിരുന്നു. എന്നാല്‍ പത്തുമണിയോടെ തിരച്ചെത്തിയ ജെയ്സണ്‍ ആകെ അസ്വസ്ഥനായിരുന്നുവെന്ന് അമ്മ പറയുന്നു. ക്രമക്കേടിന് കൂട്ടുനില്‍ക്കാന്‍ കടുത്ത സമ്മര്‍ദവും ഭീഷണിയുമുണ്ടായിരുന്നു. മരണത്തിനു പിന്നില്‍ ഈ സമ്മര്‍ദമാണ്-ജെമ്മ അലക്സ് ആവര്‍ത്തിച്ചു.
മരിക്കുന്നതിന് തലേദിവസം ഏറെ േവദനയോടെ മകന്‍ തന്നോട് സംസാരിച്ചുവെന്നും അവര്‍ പറഞ്ഞു.
''അമ്മ എന്തിനാ ഞങ്ങളെ ഇങ്ങനെ പാവമായി വളര്‍ത്തിയത്. ഇഷ്ടമില്ലാത്ത സാഹചര്യത്തില്‍ അത് തുറന്നുപറയാനും ദേഷ്യപ്പെടാനുമൊന്നും എനിക്ക് കഴിയാറില്ല. ആ വിധത്തില്‍ പെരുമാറാന്‍ കൂടി പഠിപ്പിക്കേണ്ടതായിരുന്നു. എന്നാലേ ഇന്നത്തെ കാലത്ത് ജീവിക്കാനാകൂ''-ജെയ്സണ്‍ ഇങ്ങനെ പറഞ്ഞതായി അമ്മ പറഞ്ഞു. കടുത്ത ഈശ്വരവിശ്വാസിയായിരുന്ന ജെയ്സണ്‍ ജോലിക്കാര്യത്തില്‍ മിടുക്കനായിരുന്നുവെന്ന് സഹപ്രവര്‍ത്തകരും പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال