രണ്ട് കൊലപാതകങ്ങൾ നടത്തി : വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരൻ



കോഴിക്കോട് : രണ്ട് കൊലപാതകങ്ങൾ നടത്തി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരൻ പൗലോസ്. മാനസിക നില തെറ്റിയ ഇയാൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി എന്നായിരുന്നു ഇയാളുടെ ആദ്യ പേരെന്നും സഹോദരൻ പറഞ്ഞു. അതേസമയം രണ്ട് കൊലപാതകങ്ങൾ താൻ നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1989-ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവച്ച് ഒരാളെ കൊന്നുവെന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. ഇതിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. 1986 ൽ കൂടരഞ്ഞിയിൽ വെച്ച് നടത്തിയ കൊലപാതകത്തെ കുറിച്ച് പറയുന്നതിനിടെയാണ് 1989ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് കേസ് റീ ഓപ്പൺ ചെയ്തത് .
ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ആദ്യ കൊലപാതകത്തിന് ശേഷം കോഴിക്കോട് ജോലി ചെയ്യുന്ന കാലത്ത് പണം തട്ടിപ്പറിച്ച ഒരാളെ സുഹൃത്തായ ബാബുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് വെളിപ്പെടുത്തൽ. വെള്ളയിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്നും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്.
14–ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മുഹമ്മദലി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പരിശോധന നടത്തിയ പോലീസ് 116/86 ആയി രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും അന്വേഷണം തുടങ്ങുകയും കൊല നടന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. മരിച്ചയാൾക്ക് ജോലി നൽകിയ ആളിൽ നിന്നുൾപ്പടെ വിവരങ്ങളും ശേഖരിച്ചു. എന്നാൽ ഇരിട്ടി സ്വദേശിയെന്ന സൂചനകളല്ലാതെ മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെ വെളിപ്പെടുത്തലിലും രേഖകൾ പരിശോധിച്ചതിൽ അജ്‍ഞാത ജഡം എന്നാണുള്ളത് എന്നതിനാൽ മരിച്ചവരെ കണ്ടെത്താൻ പലവഴികൾ തേടുകയാണ് അന്വേഷണ സംഘങ്ങൾ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال