ദില്ലി: ദേശീയപാത 66ലെ നിർമ്മാണത്തിലെ പാളിച്ചയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഉപരിതല ഗതാഗത മന്ത്രാലയം. ജൂൺ, ജൂലൈ മാസങ്ങളിലായി വിദഗ്ധസമിതി കേരളത്തിലുടനീളം പരിശോധന നടത്തിയെങ്കിലും അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാസർകോഡ് ചെങ്ങളയിലെ തകർച്ചയിൽ മേഘ എഞ്ചിനീയറിംഗ് കമ്പനിക്ക് പിഴ ചുമത്തി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗതാഗത മന്ത്രാലയം വിശദീകരിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കൂരിയാട്ടെ തകർച്ചയിൽ കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിക്ക് ഷോ കോസ് നോട്ടീസ് നൽകി. 1 വർഷത്തേക്ക് വിലക്കേർപ്പെടുത്തി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടതായും ഗതാഗത മന്ത്രാലയം പറയുന്നു. തുറവൂരിലെ തകർച്ചയിൽ കൺസൾട്ടന്റിനെയും കോൺട്രാക്ടറെയും സസ്പെൻഡ് ചെയ്തു. കോൺട്രാക്ടർക്ക് 15.4 ലക്ഷം പിഴചുമത്തി. കൊല്ലം ബൈപ്പാസ് കടമ്പാട്ടുകോണത്തെ തകർച്ചയിൽ കരാറുകാരന് 9.55 ലക്ഷം പിഴയിട്ടതായും എഞ്ചിനീയറെ പിരിച്ചുവിട്ടതായും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.