കെയ്ൻസ് ടെക്നോളജീസ് കേരളത്തിലേക്ക്‌: 500 കോടിയുടെ നിക്ഷേപവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും



ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തിൽ വ്യവസായവകുപ്പുമായി കൈമാറിയ ധാരണപത്രം പ്രകാരം ഇലക്ട്രോണിക്‌സ് സിസ്റ്റം, ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജി കേരളത്തിലേക്ക് എത്തുന്നു. വ്യവസായമന്ത്രി പി രാജീവുമായി കമ്പിനിയുടെ മാനേജ്മെന്റ് സംഘം ചർച്ച നടത്തി.

ചർച്ചയുടെ അടിസ്ഥാനത്തിൽ കിൻഫ്ര പെരുമ്പാവൂരിൽ വികസിപ്പിക്കാൻ ലക്ഷ്യം വെയ്ക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിൽ യൂണിറ്റ് ആരംഭിക്കാൻ കമ്പനി താത്പര്യം പ്രകടിപ്പിച്ചു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ഇലക്ട്രോണിക്സ് വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് ഇത് സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെയ്ൻസ് എംഡി രമേഷ് കണ്ണൻ, പ്രസിഡന്റ് കെ വിശ്വനാഥ്, സീനിയർ വൈസ് പ്രസിഡന്റ് ദീപക് സ്ലീബ ജോർജ്, വൈസ് പ്രസിഡന്റ് രവി പി ഐപ് എന്നിവർ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ ടി ബി അമ്പിളി, കിൻഫ്ര സെൻട്രൽ സോൺ മേധാവി എ കെ ജീഷ തുടങ്ങിയവർക്കൊപ്പം കിൻഫ്ര വികസിപ്പിക്കാൻ ലക്ഷ്യം വെയ്ക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിലെ ഭൂമു സന്ദർശിച്ചു.

ട്രാവൻകൂർ റയോൺസ് കമ്പനിയിൽനിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലത്താണ് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കുന്നത്. 500 കോടിയുടെ നിക്ഷേപവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളുമാണ് ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തിൽ കൈമാറിയ ധാരണാപത്രത്തിൽ കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

ഭൂമി കൈമാറ്റം പൂർത്തിയായാൽ ഒന്നരവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. കെയ്ൻസ് ടെക്നോളജീസിന് നിലവിൽ കൊച്ചിയിൽ ഒരു സർവീസ് യൂണിറ്റും, കേരളത്തിനുപുറത്ത് എട്ടിടങ്ങളിൽ ഉൽപ്പാദനയൂണിറ്റുമുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال