ടെക്‌സസ്: യുഎസ് സംസ്ഥാനമായ ടെക്‌സസിന്റെ മധ്യ-തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. മരിച്ചവരില്‍ പതിനഞ്ച് പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
'എല്ലാവരേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും' കെര്‍ കൗണ്ടിയുടെ ഷെരീഫ് ലാരി ലെയ്ത് ഉറപ്പ് നല്‍കി. രണ്ടാമത്തെ ദിവസവും തിരച്ചില്‍ തുടരുമ്പോള്‍ മിസ്റ്റിക് സമ്മര്‍ ഹോളിഡേ ക്യാമ്പിനെത്തിയ 20 ഓളെ പെൺകുട്ടികളെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് ഇതുവരെ 850 പേരെ രക്ഷപ്പടുത്തി.
കനത്ത പേമാരിയെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഗ്വാഡലൂപ് നദിയില്‍ 45 മിനിറ്റിനുള്ളില്‍ ജലനിരപ്പ് 26 അടി ഉയരുകയായിരുന്നു. കുത്തിയൊലിക്കുന്ന പ്രളയജലത്തില്‍ സമ്മര്‍ക്യാമ്പിന്റെ കാബിനുകളിലൊന്ന് ഒഴുകിപ്പോകുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഒഴുകുന്ന കാബിനില്‍നിന്ന് കൂട്ടനിലവിളിയുയരുന്നതും ആളുകള്‍ ടോര്‍ച്ചടിച്ച് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാണാതായ കുട്ടികളെ സംബന്ധിച്ച വിവരം കിട്ടുന്നതിനായി ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും രക്ഷിതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പ്രളയത്തെത്തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ റദ്ദാക്കി. 14 ഹെലികോപ്റ്ററുകളും അഞ്ഞൂറോളം അടിയന്തരസേനാംഗങ്ങളും പ്രളയബാധിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു. മഴ കനത്തത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടെത്താന്‍ സാധിച്ചിരുന്നില്ല. ടെക്‌സസിലെ പ്രളയം ഭയപ്പെടുത്തുന്നതാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രളയബാധിതര്‍ക്ക് സഹായവും വാഗ്ദാനംചെയ്തു.
അതിനിടെ, ജനങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് പ്രളയമുന്നറിയിപ്പുണ്ടായില്ലെന്ന ആരോപണമുയര്‍ന്നു. എന്നാല്‍, ഇവിടെ പ്രകൃതിക്ഷോഭ മുന്നറിയിപ്പ് സംവിധാനമില്ലെന്ന് പ്രാദേശികഭരണകൂടം അറിയിച്ചു. മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ ടെക്‌സസിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൈപ്രസ്, ഓക്ക്, പെക്കാന്‍ മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന നദീതടത്തിലാണ് മിസ്റ്റിക് ക്യാമ്പ് സ്ഥിതിചെയ്യുന്നത്. 1926-ല്‍ ടെക്‌സസ് സര്‍വകലാശാല കോച്ചായിരുന്ന ജെയിംസ് സ്റ്റ്യുവാര്‍ട്ടാണ് സെക്കന്‍ഡ് ഗ്രേഡ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് തുടങ്ങിയത്. 1939-ല്‍ ഒരു അമേരിക്കന്‍ കുടുംബം ക്യാമ്പ് വിലയ്ക്കുവാങ്ങിയിരുന്നു.