പൊള്ളാച്ചിയിൽ വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു



പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അശ്വിത(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍ നഗറില്‍ താമസിക്കുന്ന പ്രവീണ്‍കുമാര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് അശ്വിത. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍കുമാര്‍. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു.
ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രവീണ്‍കുമാര്‍ തിങ്കളാഴ്ച രാവിലെ അശ്വിതയുടെ വീട്ടിലെത്തി. ഈ സമയം വേറെ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീണ്‍കുമാര്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അശ്വിത ചോരയില്‍കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛന്‍ കണ്ണന്‍ വീട്ടിലെത്തി മകളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊള്ളാച്ചി എഎസ്പി സൃഷ്ടിസിങ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രവീണ്‍ നേരിട്ട് പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال