ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലെ ലോക്കറില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഒരാഴ്ചമുമ്പുവരെ ഈ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഖുര്‍ഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്. 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വര്‍ണവുമാണ് മോഷണംപോയത്. പല കേസുകളില്‍നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് പ്രതി മോഷ്ടിച്ചത്.
വൻ സുരക്ഷാ വിന്യാസങ്ങൾ ഭേദിച്ചാണ് പ്രതി മോഷണം നടത്തിയത് എന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള ഓഫീസുകളില്‍ ഒന്നാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഓഫീസ്. പല കേസുകളില്‍നിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്നത്.
തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുര്‍ഷിദ്. ഒരാഴ്ച മുമ്പാണ് ഖുര്‍ഷിദിനെ ഇവിടെനിന്നും ഈസ്റ്റ് ഡല്‍ഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. പിന്നാലെയാണ് ഇയാള്‍ മോഷണം നടത്തിയത്. മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് തന്നെ ഖുര്‍ഷിദ് ഇവിടെ എത്തിയതോ സ്‌റ്റോറേജിനുള്ളിലേക്ക് കടന്നതോ ആരും സംശയാസ്പദമായി കണ്ടില്ല.
സ്‌റ്റോറേജിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇയാള്‍ക്കറിയാമായിരുന്നു. സിസിടിവി ക്യാമറകള്‍ മുതല്‍ എവിടെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്‌റ്റോറേജില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെക്കുറിച്ച് ഇയാള്‍ക്ക് കൃത്യമായ കണക്കുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മോഷണം നടത്താന്‍ ഖുര്‍ഷിദിന് കഴിഞ്ഞു എന്നാണ് പോലീസിന്റെ നിഗമനം.
ഒറ്റ തവണ നടത്തിയ മോഷണത്തിലൂടെതന്നെ ഇത്രയധികം രൂപയും സ്വര്‍ണവും നടത്താന്‍ ഖുര്‍ഷിദിന് കഴിഞ്ഞതും അയാള്‍ക്ക് ഈ സ്ഥലത്തെക്കുറിച്ചുണ്ടായിരുന്ന വ്യക്തമായ ധാരണയാണ്. ഖുര്‍ഷിദിനെ ഓഫീസില്‍ കണ്ടപ്പോള്‍, ഇയാളെ വീണ്ടും ഇവിടെ ജോലിക്ക് നിയോഗിച്ചു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കരുതിയത്. അതുകൊണ്ടുതന്നെ ഇയാള്‍ സ്‌റ്റോറേജിന്റെ അകത്ത് കടന്നപ്പോഴോ തിരിച്ച് ഇറങ്ങിയപ്പോഴോ പരിശോധന നടത്തിയിരുന്നില്ല.
സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കിയ ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് ഖുര്‍ഷിദാണ് മോഷണം നടത്തിയത് എന്നത് കണ്ടെത്താനായത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഈസ്റ്റ് ഡല്‍ഹിയില്‍വെച്ച് പോലീസ് ഖുര്‍ഷിദിനെ പിടികൂടിയത്. ഖുര്‍ഷിദിന്റെ പക്കല്‍നിന്നും മോഷ്ടിച്ച മുതലുകള്‍ തിരിച്ചുപിടിച്ചതായും ഇയാളെ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയനാക്കിയതായും സ്‌പെഷ്യല്‍ സെല്‍ എസിപി പ്രമോദ് സിംഗ് കുഷ്‌വാഹ പറഞ്ഞു.