അബ്ദുല്‍ റഹീമിന്റെ കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നു: നിയമ സഹായ സമിതി



സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനല്‍ കോടതി 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച കേസില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ ജയില്‍ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയില്‍ മോചനം വേഗത്തിലാക്കി തരാന്‍ അടുത്ത ദിവസം റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കും . കേസില്‍ റഹീമിന് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവുണ്ടായത് കഴിഞ്ഞ മെയ് 26നായിരുന്നു.

കോടതി വിധിയില്‍ അപ്പീല്‍ നല്‍കാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യന്‍ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നു . അപ്പീല്‍ നല്‍കിയാല്‍ കേസിന്റെ ദൈര്‍ഘ്യം കൂടുകയും ജയില്‍മോചനം നീളുകയുമായിരിക്കും ഫലം. അതുകൊണ്ട് തന്നെ തന്റെ ഭാഗത്ത് നിന്ന് അപ്പീല്‍ കൊടുക്കരുതെന്നാണ് അബ്ദുറഹീം അഭിഭാഷകരെയും നിയമസഹായസമിതിയെയും അറിയിച്ചത്. നേരത്തെ അപ്പീല്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ അബ്ദുറഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്‍ അമ്പര്‍ എന്നിവര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയ വിവരവും അബ്ദുറഹീമിനെ അറിയിച്ചിരുന്നു.

ഇനിയുള്ള നിയനിയമ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ നീക്കങ്ങള്‍ യഥാസമയം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും നിയമ സഹായ സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال