ഓപ്പറേഷൻ സിന്ദൂർ: താൽക്കാലിക നഷ്ടങ്ങൾക്കപ്പുറത്ത് മൊത്തത്തിലുള്ള നേട്ടത്തിനാണ് പ്രാധാന്യമെന്ന് സംയുക്ത സേനാ മേധാവി ജനറൽ



ന്യൂഡൽഹി: സായുധസേനയെ സംബന്ധിച്ചിടത്തോളം താൽക്കാലിക നഷ്ടങ്ങൾക്കപ്പുറത്ത് മൊത്തത്തിലുള്ള നേട്ടത്തിനാണ് പ്രാധാന്യമെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പുണെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ 'ഭാവിയിലെ യുദ്ധങ്ങളും യുദ്ധമുറകളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനിടെ സായുധ സേനയ്ക്കുണ്ടായ നഷ്ടങ്ങൾക്കല്ല മറിച്ച് നേട്ടങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എത്ര വിമാനങ്ങൾ നശിപ്പിക്കപ്പെട്ടു, എത്ര റഡാറുകൾ തകർന്നു മുതലായ വിവരങ്ങൾ പങ്കിടാവുന്നതാണ്. എന്നാൽ നഷ്ടങ്ങളേക്കാൾ ഫലത്തിന് മുൻഗണന നൽകണം. ഒരു ക്രിക്കറ്റ് മത്സരത്തിൽ ഒരു ടീം വിജയിക്കുമ്പോൾ അവിടെ എത്ര വിക്കറ്റ്, ബോൾ, കളിക്കാർ എന്ന ചോദ്യത്തിന് അടിസ്ഥാനമില്ല. അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനെ ഇന്ത്യക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് തടയുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം. പഹൽഗാം ആക്രമണം അങ്ങേയറ്റം ക്രൂരമായ പ്രവർത്തിയായിരുന്നു. ആയിരം മുറിവുകളിലൂടെ ഇന്ത്യയെ രക്തത്തിൽ ആഴ്ത്തുകയായിരുന്നു പാകിസ്താൻ ലക്ഷ്യം. എന്നാൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് ഒരു അതിരുവരച്ചു. ഇന്ത്യ ഒരിക്കലും ആണവായുധ ഭീഷണിക്ക് വഴങ്ങില്ലെന്നും ഭീകരതയുടെ തടവില്‍ കഴിയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ വ്യക്തമാക്കി- അദ്ദേഹം വ്യക്തമാക്കി.
ഒരു സൈനിക നടപടിയും പരിപൂര്‍ണമായി കുറ്റമറ്റതായി നടപ്പിലാക്കാന്‍ സാധിക്കില്ല. നമുക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം. അവയെ നേരിടുമ്പോള്‍ അതില്‍ നിന്ന് കുറവുകള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഷ്‌കരിക്കുമ്പോഴാണ് ഏതൊരു സൈനിക നടപടിയും മികച്ചതായി മാറുന്നത്. എന്താണ് സ്വന്തം കുറവുകള്‍ എന്ന് തിരിച്ചറിയുകയും അതിനെ മറികടക്കുകയും ചെയ്ത് വീണ്ടും പോരാട്ടത്തിനിറങ്ങുക എന്നതാണ് പ്രധാനം. തിരിച്ചടികളില്‍ പിന്‍മാറുക എന്നത് പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു സേനയ്ക്ക് യോജിച്ച ഒന്നല്ല.
യുദ്ധം എപ്പോഴും അവസാനത്തെ നടപടിയായിരിക്കണം. നയതന്ത്ര-രാഷ്ട്രീയ നീക്കങ്ങള്‍ പരാജയപ്പെടുന്നിടത്താണ് യുദ്ധം വേണ്ടിവരുന്നത്. പക്ഷെ ഭീകരവാദത്തിന്റെ കാര്യം വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ അതിര്‍ത്തികളൊ സ്ഥലങ്ങളോ ഇല്ല. അങ്ങനെയൊരു സംവിധാനത്തിനെതിരെ പൊരുതുമ്പോള്‍ സാധാരണ നടപടികള്‍ പറ്റില്ല.
പാകിസ്താന്‍ ഭീകരവാദത്തെ നയമാക്കുന്ന രീതിയും സാധാരണമായി. അതുകൊണ്ടാണ് ഇന്ത്യ ഇത്തരത്തിലൊരു നയമെടുത്തത്. ഇന്ത്യയെ ആയിരം മുറിവുകളിലുടെ ആക്രമിക്കുക എന്ന ചിന്ത പാകിസ്താനിലുള്ളവര്‍ക്കുണ്ട്. മതങ്ങള്‍ തമ്മിലുള്ള വിദ്വേഷം വര്‍ധിപ്പിക്കുന്ന പ്രസ്താവനകള്‍, അത്തരത്തിലൊരു വിഷലിപ്തമായ പ്രസ്താവനയാണ് സൈനിക മേധാവി അസിം മുനിറിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال