തിരുവനന്തപുരം: മാനസികാരോഗ്യരംഗത്ത് ആയുർവേദ ചികിത്സയ്ക്കു പ്രിയമേറുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ മാനസികസമ്മർദവും വിഷാദവും കുറയ്ക്കുന്നതിനായി ആയുഷിന്റെ കീഴിൽ ആയുർവേദം പ്രയോജനപ്പെടുത്തിയത് കാൽലക്ഷത്തോളം പേരാണ്. കൗൺസലിങ്ങിനൊപ്പം കഴിക്കാനുള്ള മരുന്നുകളും തളവും എണ്ണകളും യോഗാ പരിശീലനവുമാണ് ‘ഹർഷം’ എന്ന മാനസിക ചികിത്സയിലൂടെ ആളുകൾക്കു നൽകുന്നത്. മാനസികസമ്മർദം കാരണമുണ്ടാകുന്ന ഉറക്കക്കുറവ്, മറവി, അമിത ദേഷ്യം, ഉത്കണ്ഠ, മടി, അകാരണമായ വേദന, പരീക്ഷാപ്പേടി എന്നിവയ്ക്ക് ‘ഹർഷ’ത്തിലൂടെ പരിഹാരം തേടിയവർ നിരവധിയാണ്. 2024 ഏപ്രിൽമുതൽ ഈവർഷം മാർച്ച് വരെ 25,855 പേരാണ് ചികിത്സതേടിയത്. ഈവർഷം മാർച്ച്, ഏപ്രിൽ മാസത്തിൽ മാത്രം അയ്യായിരത്തിലേറെ പേരും ചികിത്സതേടി. ആയുഷിനുകീഴിൽ സംസ്ഥാനമെമ്പാടുമായി 140 കേന്ദ്രങ്ങളിലാണ് ‘മാനസികവിഭാഗം’ പ്രത്യേകം പ്രവർത്തിക്കുന്നത്.
ഐടി അടക്കം പുതിയ തൊഴിൽമേഖലകളിലെ സമ്മർദം താങ്ങാനാവാതെ വരുന്നവരാണ് കൂടുതലായും ആയുർവേദത്തെ സമീപിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. തിരുവനന്തപുരത്ത് ആറ്റിപ്ര ആയുർവേദ ഡിസ്‌പെൻസറിയിൽ ചികിത്സയ്‌ക്കെത്തുന്നവരിലേറെയും ടെക്‌നോപാർക്ക് ജീവനക്കാരാണ്.
മരുന്നുകൾ ദീർഘകാലം കഴിക്കേണ്ട എന്നതും പാർശ്വഫലങ്ങളില്ലെന്നതുമാണ് ആയുർവേദത്തിന്റെ നേട്ടം. അതിനൊപ്പം ചികിത്സയും മരുന്നുകളും സൗജന്യമാണെന്നതും ആയുർവേദത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നു.
ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രതീക്ഷ, പഠനവൈകല്യമുള്ള കുട്ടികൾക്കായി മേധ എന്നീ ചികിത്സാപദ്ധതികളും നടപ്പാക്കുന്നു. മലപ്പുറം കോട്ടയ്ക്കൽ ഗവ. ആയുർവേദ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മേധ, പ്രതീക്ഷ എന്നിവയുടെ സേവനം ലഭ്യമാക്കുന്നത്. കൂടാതെ എല്ലാത്തരം മാനസികപ്രശ്‌നങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതിനു മാനസികാരോഗ്യവിദഗ്ധൻ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്.
ജില്ല ചികിത്സതേടിയവർ
തിരുവനന്തപുരം 1375
കൊല്ലം 2110
ആലപ്പുഴ 2235
പത്തനംതിട്ട 1430
ഇടുക്കി 1890
എറണാകുളം 1980
തൃശ്ശൂർ 2485
പാലക്കാട് 2045
മലപ്പുറം 2275
കോഴിക്കോട് 1755
വയനാട് 1305
കണ്ണൂർ 1870
കാസർകോട് 1520
കിടത്തിച്ചികിത്സ ആവശ്യമുള്ളവർ കുറവ്
കടുത്ത മാനസികസമ്മർദവും വിഷാദവും അനുഭവിക്കുന്ന പലരുടെയും അവസ്ഥ ഒന്നോ രണ്ടോ സിറ്റിങ്ങിൽ മെച്ചപ്പെടുന്നു. കിടത്തിച്ചികിത്സ ആവശ്യമുള്ളവർ കുറവാണ്. ഒപിയിലൂടെ നൽകുന്ന കൂടിയ ചികിത്സ തളംവെക്കലാണ്. അത് വീട്ടിൽത്തന്നെ ചെയ്യാവുന്ന തരത്തിലുള്ളതാണ്. പഞ്ചകർമപോലുള്ള കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ അത്തരം സൗകര്യമുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യും.
ഡോ. ഗായത്രി, ആയുർവേദ സൈക്കാട്രിസ്റ്റ്, ഹർഷം
തിരഞ്ഞെടുത്ത ആശുപത്രികളിൽ
സംസ്ഥാനത്ത് തിരഞ്ഞെടുത്ത സർക്കാർ ആയുർവേദ ആശുപത്രികളിലാണ് മാനസികാരോഗ്യപദ്ധതി ‘ഹർഷം’ നടപ്പാക്കുന്നത്. മാസത്തിൽ രണ്ടുതവണയാണ് ഓരോ ആശുപത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. സ്‌പെഷ്യലൈസ് ചെയ്ത ഒരു ഡോക്ടറെയാണ് ഓരോ ജില്ലയിലും ഇതിനായി നിയമിച്ചിരിക്കുന്നത്.
ഡോ. പി.ആർ. സജി, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്