വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ: 30 പേർ മരിച്ചു



ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും കഴിഞ്ഞ രണ്ടുദിവസത്തിനിടെ 30 പേർ മരിച്ചു. അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം.

മഴ ശക്തമായതിന്റെ പശ്ചാത്തലത്തിൽ ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള എൻഎച്ച് -17 തകർന്നു. ഗതാഗതം തടസ്സപ്പെട്ടനിലയിലാണ്. ബോക്കോ, ചായ്ഗാവ് എന്നിവിടങ്ങളിൽ എൻഎച്ച്-17ന്റെ പ്രധാനഭാഗങ്ങൾ ഒലിച്ചുപോയതായായി റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലുമാണ് പലർക്കും ജീവൻ നഷ്ടപ്പെട്ടത്. അസം, അരുണാചൽ, മേഘാലയ, മണിപ്പുർ, മിസോറം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. അസമിലെ 12 ജില്ലകളിൽനിന്നായി 60,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം. അഞ്ചുപേരാണ് അസമിൽ മരിച്ചത്. അരുണാചൽപ്രദേശിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഒമ്പതുപേർ മരിച്ചു. അരുണാചലിലെ ഈസ്റ്റ് കമെങ് ജില്ലയിൽ മണ്ണിടിച്ചിലിൽ കാർ ഒലിച്ചു പോയി രണ്ട് കുടുംബങ്ങളിലെ ഏഴുപേർ മരിച്ചു.
മണ്ണിടിച്ചിലിൽ പ്രധാന റോഡുകളൊക്കെ തകർന്നതിനാൽ വടക്കൻ സിക്കിമിലെ വിവിധ ഭാഗങ്ങളിൽ 1500 ഓളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. 1350 പേർ ലാചുങ്ങിലും 115 പേർ ലാചനിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് എസ്പി മൻകനിലെ എസ്പി സോനം ദെച്ചു ഭൂട്ടിയ പറഞ്ഞത്.
എട്ട് വിനോദ സഞ്ചാരികളെ കാണാതായെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കനത്ത മഴ ആയതുകൊണ്ട് തന്നെ തിരച്ചിൽ ദുഷ്കരമാണ്. ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തിരച്ചിൽ നിർത്തിയതായാണ് വിവരം.
വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം ടീസ്റ്റ നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി മംഗൻ ജില്ലയിലായിരുന്നു സംഭവം. ലാചൻ - ലാചുങ് ഹൈവേയിൽ മുൻസിതാങ്ങിന് സമീപത്ത് നിന്ന് വാഹനം ആയിരം അടിയിലധികം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال