കേസില്‍നിന്ന് ഒഴിവാക്കാന്‍ 14,000 രൂപ കൈക്കൂലി : ഗ്രേഡ് അസി. സബ് ഇന്‍സ്‌പെക്ടര്‍ക്ക്‌ സസ്‌പെന്‍ഷൻ



കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ചയാളെ കേസില്‍നിന്ന് ഒഴിവാക്കാന്‍ 14,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം സീരകത്തിനെ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തു.

വാഹനപരിശോധനയ്ക്കിടെ മേയ് 13-ന് രാത്രി 11.30-ന് കോട്ടയം അതിരുംപുഴ മാച്ചാത്തി വീട്ടില്‍ അഖില്‍ ജോണിനെ പയ്യാവൂര്‍ പഴയ പോലീസ് സ്റ്റേഷന് മുന്‍വശത്തുനിന്ന് പോലീസ് പിടിച്ചിരുന്നു. ബ്രെത്തലൈസര്‍ പരിശോധനയില്‍ അഖില്‍ മദ്യപിച്ചതായി കണ്ടെത്തിയെങ്കിലും ഫോണ്‍നമ്പര്‍ വാങ്ങി വിട്ടു. അടുത്ത ദിവസം അഖിലിനെ ഫോണില്‍ വിളിച്ച് മറ്റൊരാളുടെ പേരില്‍ കേസെടുക്കാമെന്നും പകരക്കാരനും കോടതിച്ചെലവിനുമായി 14000 നല്‍കണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടതായാണ് പരാതി. അഖില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി.
സംഭവത്തെക്കുറിച്ച് നര്‍ക്കോട്ടിക് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ഡിഐജിക്ക് റിപ്പോര്‍ട്ട് കൈമാറി. ഇബ്രാഹിം സീരകത്തിനെ കുടിയാന്മല സ്റ്റേഷനിലേക്ക് കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. അതിനിടയിലാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഇബ്രാഹിമിന്റെ ഭാഗം കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال