മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞുകൊലപ്പെടുത്തിയ കേസില്‍ അമ്മ സന്ധ്യയെ റിമാന്‍ഡ് ചെയ്തു



ആലുവ മൂഴിക്കുളത്ത് മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞുകൊലപ്പെടുത്തിയ കേസില്‍ അമ്മ സന്ധ്യയെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച്ച വൈദ്യ പരിശോധനയ്ക്കു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം എന്തെന്നതില്‍ അവ്യക്തത നീക്കാനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേ സമയം സന്ധ്യയുടെ ബന്ധുക്കളില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ചെങ്ങമനാട് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്യവെ ഒരുഘട്ടത്തിലും സന്ധ്യയ്ക്ക് കുറ്റബോധമുണ്ടായിരുന്നില്ലെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം ജീവിതം ആരംഭിക്കുന്നതിന് മുൻപ് കൊഴിഞ്ഞു വീണ കുഞ്ഞു കല്ല്യാണിയുടെ സംസ്കാരം പൂർത്തിയായി. കണ്ണ് നിറയാതെ അവൾക്ക് വിട നൽകാൻ ആർക്കും കഴിഞ്ഞില്ല. തിരുവാണിയൂർ പൊതുശ്മശാനത്തിനാണ് കുഞ്ഞിന്റെ സംസ്കാരം നടന്നത്. കുട്ടിയുടെ അച്ഛൻ്റെ വീട്ടുകാർ ആണ് മൃതദേഹം ഏറ്റെടുത്തത്.

വളരെ സന്തോഷത്തോടെയാണ് അമ്മയുടെ ഒപ്പം കല്ല്യാണി യാത്ര തിരിച്ചത്. എന്നാൽ അത് അവളുടെ മരണത്തിലേക്കുള്ള യാത്രയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. അതേസമയം കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പി എത്തിയ ശേഷം ഇനരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. സന്ധ്യക്കെതിരെ മുൻപ് കൊലക്കുറ്റം ചുമത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പു‍ഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊ‍ഴി നല്‍കിയത്. തുടര്‍ന്ന് സ്കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഒരു മാസം മുമ്പ് സന്ധ്യയെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെന്നും സന്ധ്യക്ക് മാനസിക വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്നും അമ്മ അല്ലി പ്രതികരിച്ചു. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു. കുട്ടികൾ സന്ധ്യക്കൊപ്പം വരാറില്ലായിരുന്നു. ഇന്നലെ രാത്രി ഏഴുമണിക്ക് സന്ധ്യ ഒറ്റയ്ക്കാണ് വന്നത്. കുട്ടി എവിടെ എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞില്ല. തലകുനിച്ച് ഇരുന്നതേയുള്ളൂ.- എന്നായിരുന്നു അല്ലിയുടെ പ്രതികരണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال