കോഴിക്കോട്: വിരമിക്കലിന്റെ തലേന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ എം.എസ്. ദിലീപിന്റെ വീടുകളിലും ഓഫീസിലും റിസോര്‍ട്ടിലും വിജിലന്‍സ് റെയ്ഡ്. വിരമിക്കലുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ഇടയിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലെ സൂപ്രണ്ടിങ് എന്‍ജിനിയറുടെ സെക്ഷനിലും ചക്കോരത്തുകുളത്ത് താമസിക്കുന്ന ഫ്‌ളാറ്റിലും വയനാട് നെന്മേനിയിലെ വീട്ടിലും സമീപത്തെ റിസോര്‍ട്ടിലും ഒരേസമയം റെയ്ഡ് നടന്നു. രാവിലെ ഏഴുമണിക്കാരംഭിച്ച റെയ്ഡ് രാത്രിവൈകിയാണ് അവസാനിച്ചത്.
ദിലീപിനെതിരേ നേരത്തേ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്പി കെ.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികാന്വേഷണം നടത്തി ദിലീപില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നുകണ്ടാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
2013 മുതല്‍ 2023 വരെ തദ്ദേശസ്വയംഭരണവകുപ്പില്‍ വിവിധ തസ്തികകളില്‍ ദിലീപ് ജോലിനോക്കിയിരുന്നു. ഈ കാലയളവില്‍ 56,90,115 രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം എന്നനിലയ്ക്കാണ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്.
ചക്കോരത്തുകുളത്തെ ദീലീപിന്റെ ഫ്‌ലാറ്റില്‍നിന്ന് 4,63,920 രൂപയും 27 പവന്‍ സ്വര്‍ണവും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച 78 രേഖകളും കണ്ടെടുത്തു. വയനാട് ജില്ലയിലെ നെന്മേനിയിലുള്ള വീട്ടില്‍നിന്ന് 1,60,000 രൂപയും 40 രേഖകളും പിടിച്ചെടുത്തു. ഇതില്‍ 17 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ വിവരങ്ങളും ഉള്‍പ്പെടും.
നെന്മേനിയിലെ 'റിഥം ഓഫ് റെയിന്‍' എന്ന റിസോര്‍ട്ടിന്റെ അതേപേരില്‍ സേലത്തും റിസോര്‍ട്ട് ഉള്ളതായി സൂചിപ്പിക്കുന്ന ചില രേഖകള്‍ റെയ്ഡിനിടെ ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പിമാരായ ഗണേശന്‍, രമേശ്, ഷാജു വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ സംജദ് ഖാന്‍, അനൂപ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.