വാഷിങ്ടൺ: അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു. വാഷിങ്ടൺ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്തുവെച്ചായിരുന്നു അക്രമണം. ജ്യൂത മ്യൂസിയത്തിനകത്തുനടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
'ഫ്രീ പലസ്തീൻ' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇരകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ പറഞ്ഞു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് എഫ്ബിഐ വാഷിങ്ടൺ ഫീൽഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ചിക്കാഗോ സ്വദേശി റോഡ്രിഗസ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.