ന്യൂഡല്‍ഹി: മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, എ.ബി. വാജ്പേയിയെ യുഎന്നിലേക്കുള്ള നയതന്ത്ര സംഘാംഗമാക്കിയ ചരിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേഷ്.
വിദേശത്തേക്ക് നയതന്ത്രസംഘത്തെ അയച്ചതില്‍ കോണ്‍ഗ്രസും ബിജെപിയും വാക്പോര് തുടരുന്നതിനിടയിലാണ് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികദിനമായ ബുധനാഴ്ച രമേഷ് ഇക്കാര്യം എക്സില്‍ കുറിച്ചത്. ഒപ്പം രാജീവ് ഗാന്ധി തന്നെ നയതന്ത്ര പ്രതിനിധിയാക്കിയ കാര്യം വാജ്പേയി പറയുന്ന വീഡിയോയും പങ്കുവെച്ചു.
''തനിക്ക് വൃക്കരോഗം വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അമേരിക്കയില്‍പ്പോയി കൂടുതല്‍ പരിശോധനയും ചികിത്സയും നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് തനിക്ക് സാമ്പത്തികമായി നിര്‍വാഹമില്ലായിരുന്നു. ഇതറിഞ്ഞ രാജീവ് ഗാന്ധി തന്നെ യുഎന്‍ പ്രതിനിധിസംഘത്തില്‍പ്പെടുത്തി. പൂര്‍ണമായും ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിച്ചു. താന്‍ അസുഖം ഭേദമായി തിരിച്ചെത്തി'' - വാജ്പേയി വീഡിയോയില്‍ പറയുന്നു.