കോഴിക്കോട്: ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. കാൽനടയാത്രക്കാർക്കും ട്രാക്ടറിനും പാതയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ബോർഡിൽ വ്യക്തമാണ്.
ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അവർക്ക് സർവീസ് റോഡ് മാത്രം ഉപയോഗിക്കാനേ അനുവാദമുണ്ടാകൂ. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സര്‍വീസ് റോഡാണ്. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നിലുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.
ആറുവരിപ്പാതയിൽ വാഹനം ഓടിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
* വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനുമാത്രമായി റോഡില്‍ വെള്ളവരയില്‍ അടയാളപ്പെടുത്തിയ കാര്യേജ് വേയില്‍ വാഹനം നിര്‍ത്തരുത്
*കാര്യേജ് വേയുടെ അതിര്‍ത്തിവരയ്ക്കുപുറമെ അരമീറ്ററെങ്കിലും മാറ്റിമാത്രമേ അത്യാവശ്യഘട്ടങ്ങളില്‍ വാഹനം നിര്‍ത്താവൂ
* നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളെയോ അഭിമുഖീകരിക്കുമ്പോഴും മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും പരമാവധി വേഗം കുറച്ച് ഇടതുവശംചേര്‍ന്ന് മാത്രം ഓടിക്കുക
* ഇരട്ട അല്ലെങ്കില്‍ കൂടുതല്‍ കാര്യേജ് വേകളുള്ളയിടങ്ങളില്‍ ലെയ്ന്‍ അച്ചടക്കം നിര്‍ബന്ധമായും പാലിക്കുക
* ഇരട്ട കാര്യേജ് വേ റോഡുകളില്‍ ഇടതുവശത്തെ വേയില്‍ക്കൂടിമാത്രമേ ഓടിക്കാവൂ. വലതുവശത്തെ ട്രാക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനും ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുമുള്ളതാണ്
* ഓവര്‍ടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം