ടെക് അധിഷ്ഠിത കപ്പലുകളുടെ നിർമാണരംഗത്തെ ആഗോള ഹബ്ബാകാനൊരുങ്ങി ഇന്ത്യ



കൊച്ചി: സ്വയം നിയന്ത്രിത (ഓട്ടോണമസ്) കപ്പലുകൾ, ഇലക്ട്രിക് കപ്പലുകൾ, പരിസ്ഥിതിസൗഹൃദമായ ഹരിത കപ്പലുകൾ, അത്യാധുനിക ചെറുയാനങ്ങൾ എന്നിവ അടങ്ങുന്ന ടെക് അധിഷ്ഠിത കപ്പലുകളുടെ നിർമാണരംഗത്തെ ആഗോള ഹബ്ബാകാനൊരുങ്ങി ഇന്ത്യ. കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽനിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് കഴിഞ്ഞ അരദശാബ്ദമായി ഈ രംഗത്ത് വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഇതേ മാതൃകയിൽ സ്വകാര്യ-പൊതുമേഖലാ കപ്പൽനിർമാണ ശാലകൾ ചേർന്ന് ഇന്ത്യയെ വരുംതലമുറ ഹൈടെക് കപ്പലുകളുടെ നിർമാണ രംഗത്തെ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കപ്പൽവ്യവസായ രംഗത്ത് ലോകത്തിലെതന്നെ ഏറ്റവും വലിയ എക്സ്‌പോകളിൽ ഒന്നായ ‘നോർ-ഷിപ്പിങ്ങി’ൽ ഇത്തവണ ഇന്ത്യ പ്രത്യേക പവിലിയൻ ഒരുക്കുന്നുണ്ട്.
കപ്പൽവ്യവസായ രംഗത്തെ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ ക്ലസ്റ്റർ മാതൃകയിൽ വളരാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും കണക്കുകൂട്ടൽ. സാധാരണ കപ്പലുകളെക്കാൾ കൂടുതൽ മൂല്യം നൽകുന്നതാണ് സ്പെഷ്യലൈസ്ഡ് വെസലുകളുടെ നിർമാണം. അതിനാൽ ഈ രംഗത്ത് മുന്നേറാനായാൽ വലിയതോതിലുള്ള മൂല്യവർധന സാധ്യമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ കപ്പലുകളുള്ള രാജ്യങ്ങളിലൊന്നാണ് യൂറോപ്പിലെ നോർവേ. അവിടെനിന്ന് കൊച്ചി കപ്പൽശാല ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് വൻതോതിൽ നിർമാണക്കരാർ ലഭിക്കുന്നുണ്ട്. അതിന് പുറമേ, മറ്റ് യൂറോപ്യൻ വിപണികളിൽ നിന്നുള്ള ഓർഡറുകളുമുണ്ട്. അത്യാധുനിക കോസ്റ്റൽ ഷിപ്പുകളും (ഷോർട്ട് സീ വെസൽ) ഇന്ത്യയിൽ നിർമിക്കാൻ ആരംഭിച്ചിട്ടുണ്ട്.
100-150 കോടി രൂപയാണ് ഒരോന്നിന്റെയും നിർമാണച്ചെലവ്. ഇത്തരത്തിൽ 75-ലേറെ കപ്പലുകളുടെ കരാറാണ് ഇപ്പോൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ 22 എണ്ണവും കൊച്ചിൻ ഷിപ്പ്‌യാർഡ് ഗ്രൂപ്പിനാണ് ലഭിച്ചിട്ടുള്ളത്. യൂറോപ്പിലെ ഉൾക്കടലിലുള്ള കാറ്റാടിപ്പാടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായുള്ള നാലു കപ്പലുകൾ കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്നുണ്ട്. 2,100 കോടി രൂപയുടേതാണ് ഈ കരാർ. ഈ രംഗത്ത് മികവിന്റെ കേന്ദ്രമാകുന്നതോടെ, വരുംവർഷങ്ങളിൽ ശതകോടികളുടെ ഓർഡറുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال