മുംബൈ: മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹപാഠികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സങ്ക്‌ലിയില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ കര്‍ണാടക സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ വിദ്യാര്‍ഥിനിയുടെ സഹപാഠികളും പൂണെ, സോളാപുര്‍ സ്വദേശികളുമാണ്. മൂന്നാംപ്രതി ഇവരുടെ സുഹൃത്തായ സങ്ക്‌ലി സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.
മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടുപോയ പ്രതികള്‍, ഫ്‌ളാറ്റിലെത്തിച്ച് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയശേഷം കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവദിവസം രാത്രി സിനിമയ്ക്ക് പോകാമെന്ന് വിദ്യാര്‍ഥിനി സഹപാഠികളോട് സമ്മതിച്ചിരുന്നു. ഇതനുസരിച്ച് പത്തുമണിയോടെ ഇവര്‍ സിനിമാ തീയേറ്ററിലേക്ക് തിരിച്ചു. എന്നാല്‍, തീയേറ്ററില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ പെണ്‍കുട്ടിയുമായി ഇവരുടെ ഫ്‌ളാറ്റിലേക്ക് പോയി. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ബോധരഹിതയാക്കിയശേഷം ബലാത്സംഗംചെയ്യുകയായിരുന്നു.
സംഭവം ആരോടും പറയരുതെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, വിദ്യാര്‍ഥിനി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.
കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം മെയ് 27 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.