ദില്ലി: പഹൽഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം. ജമ്മുകശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തെ സാധാരണ നിലയിലാക്കാനുമുള്ള നീക്കങ്ങളെയാകെ അട്ടിമറിക്കുന്നതായിരുന്നു പഹൽഗാമിൽ നടന്ന കൂട്ടക്കൊല. ഭീകരരെ അയച്ചവർക്ക് തിരിച്ചടി നൽകിക്കൊണ്ട് രാജ്യത്തുയർന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാൻ കേന്ദ്രത്തിനായി. എന്നാൽ കൂട്ടക്കൊല നടത്തിയ ഭീകരർ ഇനിയും പിടിയിലായിട്ടില്ല. രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കെന്ന അന്വേഷണവും തൽക്കാലം എവിടെയും എത്തിയിട്ടില്ല.
ജമ്മുകശ്മീരിൽ നിന്ന് കഴിഞ്ഞമാസം 22ന് രണ്ടരയ്ക്ക് ശേഷം ആദ്യം പുറത്തുവന്നത് ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരമായിരുന്നു. എന്നാൽ പിന്നീടാണ് ഈ നിഷ്ഠൂര ആക്രമണത്തിൻ്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞവരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫ് എന്ന ലഷ്കർ ഇ ത്വയ്യിബ നിയന്ത്രിക്കുന്ന സംഘടന ഒരു ദിവസത്തിൽ നിലപാട് മാറ്റി.