ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കുകളെക്കാൾ പലമടങ്ങ് വലുതെന്ന് റിപ്പോർട്ട്. സിവിൽ രജിസ്‌ട്രേഷൻ സംവിധാനം (സിആർഎസ്) പുറത്തുവിട്ട വൈറ്റൽ സ്റ്റാറ്റിസ്റ്റിക് റിപ്പോർട്ട് പ്രകാരമാണിത്. 2019-നെ അപേക്ഷിച്ച്, ജനസംഖ്യാവർധനവിന് ആനുപാതികമായ വർധന ഒഴിവാക്കിയാലും 2021-ൽ 19.7 ലക്ഷത്തോളം അധികമരണങ്ങൾ റിപ്പോർട്ടുചെയ്തതായി കണ്ടെത്തി. ഈ അധികമരണങ്ങളെല്ലാം കോവിഡ് കാരണമുണ്ടായതല്ലെങ്കിലും ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 3.3 ലക്ഷത്തിനെക്കാൾ ആറുമടങ്ങോളം കൂടുതലാണിത്.
ഗുജറാത്തിലാണ് മരണസംഖ്യയിൽ ഏറ്റവും വലിയ വ്യത്യാസമുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 5800 പേരാണ് 2021-ൽ ഗുജറാത്തിൽ കോവിഡ് കാരണം മരണപ്പെട്ടത്. സിആർഎസ് റിപ്പോർട്ട് പ്രകാരം 2021-ൽ ഏകദേശം രണ്ടുലക്ഷത്തോളം അധികമരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മധ്യപ്രദേശ് (18 മടങ്ങ്), പശ്ചിമബംഗാൾ (15 മടങ്ങ്), ബിഹാർ, രാജസ്ഥാൻ, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കണക്കുകളിൽ വലിയവ്യത്യാസമുണ്ട്. 2019-ലെയും 2021-ലെയും സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റത്തിലെ മരണനിരക്കുകളെ സിആർഎസ് റിപ്പോർട്ടുമായി താരതമ്യംചെയ്താണ് ഔദ്യോഗിക കണക്കും അധികമരണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയത്. കണക്കുകൾ തമ്മിൽ ഏറ്റവും ചെറിയ വ്യത്യാസം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളിലെ മരണസംഖ്യയിൽ 1.3 മുതൽ 1.5 മടങ്ങുവരെ വ്യത്യാസമുണ്ട്.