തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ ചട്ടവിരുദ്ധമായി സര്‍വീസ് റെഗുലറൈസ് ചെയ്ത് പ്രൊബേഷന്‍ പ്രഖ്യാപിച്ച അഞ്ചു സൂപ്പര്‍ ന്യൂമററി ജീവനക്കാരുടെ സ്ഥിരനിയമനം റദ്ദാക്കുകയും ക്രമക്കേടിന് ചുക്കാന്‍ പിടിച്ച ജീവനക്കാരനെ സസ്പെന്‍ഡു ചെയ്യുകയും ചെയ്തു. പക്ഷേ, സമാനരീതിയില്‍ സ്ഥിരനിയമനം ലഭിച്ച 85-ഓളം അധ്യാപകര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അറിയുന്നു. നിയമനം കാത്ത് നൂറുകണക്കിന് പി.എസ്.സി റാങ്ക്ഹോള്‍ഡര്‍മാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഈ തട്ടിപ്പ്.
പിഎസ്എസി റാങ്ക് ഹോള്‍ഡര്‍ രഘുനാഥനും മറ്റു ചിലരും 2020-ല്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുമ്പാകെ ഫയല്‍ ചെയ്ത ഒറിജിനല്‍ പെറ്റീഷനു മറുപടി ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച വിഷയം പൊതുവിദ്യാഭ്യാസ വകുപ്പില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് സൂപ്പര്‍ ന്യൂമററി ജീവനക്കാരെ റെഗുലര്‍ വേക്കന്‍സിയില്‍ നിയമിക്കുകയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സീനിയോറിറ്റി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും വ്യക്തമായത്. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഏത് സാഹചര്യത്തിലാണ് സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പോസ്റ്റ് ചെയ്യേണ്ടിയിരുന്നവരെ ചട്ടം ലംഘിച്ച് റെഗുലര്‍ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇടുക്കി ഉപവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയോറിറ്റി സെക്ഷന്‍ സൂപ്രണ്ടും ക്ലാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാരും ഇതുസംബന്ധിച്ച ഫയലുകളും റിപ്പോര്‍ട്ടുകളുമായി സെക്രട്ടേറിയറ്റിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. അംഗപരിമിതരായ ക്ലാര്‍ക്കുമാരെ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിക്കാനുള്ള ഉത്തരവനുസരിച്ച് അഞ്ചു പേരെ ക്ലാര്‍ക്കുമാരായി നിയമിച്ചെന്നും നിയമനഫയല്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉത്തരവു പ്രകാരം ഒരു ജീവനക്കാരി ജൂനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും മറ്റ് നാലുപേരുടെ സര്‍വീസ് കാര്‍ഡുകള്‍ക്ക് സീനിയോറിറ്റിക്കും പ്രൊബേഷനും അര്‍ഹത ഇല്ലെന്ന കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. അതിനെതിരെ അവര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരിക്കയാണ്.
സൂപ്പര്‍ ന്യൂമററി ജീവനക്കാരെ റെഗുലര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത് അവിടെ ക്ലാര്‍ക്കായിരുന്ന രാജേഷ്‌കുമാര്‍.എസ് ആണെന്നു സര്‍ക്കാരിന് ബോധ്യമായി. അതിന് മറ്റു ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടായിരുന്നിരിക്കാം. ജീവനക്കാര്‍ക്ക് നിര്‍ബന്ധമായ വകുപ്പുതല പരീക്ഷ എം. ഒ.പി (മാനുവല്‍ ഓഫ് ഓഫീസ് പ്രൊസീജര്‍) പാസായിട്ടുണ്ടോ എന്നും പോലീസ് വെരിഫിക്കേഷന്‍ നടത്തിയിട്ടുണ്ടോ എന്നും നോക്കാതെയാണ് റെഗുലറൈസേഷനും പ്രൊബേഷന്‍ ഡിക്ലറേഷനും നടത്തിയിട്ടുള്ളത്. അതിനുശേഷം അവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയില്ലെന്നെഴുതി സര്‍ക്കാരിനെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. രാജേഷ്‌കുമാറിനു പകരം പുതിയ ക്ലാര്‍ക്ക് ജോലിയില്‍ പ്രവേശിച്ച ശേഷമാണ് യഥാര്‍ത്ഥവസ്തുതകള്‍ വെളിച്ചത്തുവന്നത്.
അതിഗുരുതരമായ ചട്ടലംഘനം നടത്തിയതിന് സസ്പെന്‍ഡു ചെയ്യപ്പെട്ട രാജേഷ്‌കുമാര്‍ സര്‍വീസില്‍ തിരിച്ചുകയറിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ കാലത്തെ എല്ലാ ഫയലുകളും വിശദ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ മാത്രമേ ഈ അഴിമതിയുടെ വ്യാപ്തി ബോധ്യമാവൂ.