5ജി നെറ്റ്വര്ക്കിനെ കുറിച്ച് ഒട്ടേറെ ഗുഢാലോചനാ സിദ്ധാന്തങ്ങള് പ്രചരിക്കുന്നുണ്ട്. 5ജി സിഗ്നലുകള് പക്ഷികള്ക്ക് ഹാനികരമാണെന്നതാണ് അതിലൊന്ന്. പക്ഷികളെ പോലുള്ള ജീവികളെ അത് ബാധിക്കുന്നുണ്ടെങ്കില് തീര്ച്ചയായും മനുഷ്യരെയും അവരുടെ മസ്തിഷ്കത്തേയും അത് ബാധിക്കുന്നുണ്ടെന്നും 5ജി വിരുദ്ധര് വാദിക്കുന്നു. എന്നാല് ഈ സിദ്ധാന്തങ്ങള്ക്ക് ഉത്തരം നല്കുകയാണ് പുതിയൊരു പഠനം. 5ജി സിഗ്നലുകള് ആരോഗ്യത്തിന് ദോഷകരമാണോ ? അല്ല എന്നാണ് ഉത്തരം.
ജര്മനിയില് കണ്സ്ട്രക്ടര് സര്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് 5ജി മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുമെന്നറിയാനുള്ള ഗവേഷണ പഠനം നടത്തിയത്. 5ജി സിഗ്നലുമായി നേരിട്ടുള്ള സമ്പര്ക്കത്തില് ചര്മകോശങ്ങള്ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്ന് ഗവേഷകര് കണ്ടെത്തി. ഉയര്ന്ന അളവിലുള്ള 5ജി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള് ചര്മകോശങ്ങളില് പതിപ്പിച്ചായിരുന്നു പരീക്ഷണം. പിഎന്എഎസ് നെക്സസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പരീക്ഷണത്തിനായി കെരാറ്റിനോസൈറ്റ്സ്, ഫൈബ്രോബ്ലാസ്റ്റ്സ് എന്നീ രണ്ട് തരം മനുഷ്യചര്മ കോശങ്ങളാണ് ഗവേഷകര് ഉപയോഗിച്ചത്. ഈ കോശങ്ങളില് 27 ഗിഗാഹെര്ട്സ്, 40 ഗിഗാഹെര്ട്സ് തരംഗങ്ങള് പതിപ്പിച്ചു. ശക്തിയേറിയ 5ജി തരംഗങ്ങളാണിവ. എന്നിട്ടും കോശങ്ങളില് ജനിതക സ്വഭാവത്തിലും മെഥിലേഷന് പാറ്റേണിലും മാറ്റങ്ങളൊന്നുമുണ്ടായില്ല. 5ജിയുടെ ആരോഗ്യഭീഷണികളുമായി ബന്ധപ്പെട്ട ബന്ധപ്പെട്ടുള്ള സംവാദങ്ങള്ക്ക് അന്ത്യമിടുകയാണ് ഈ പഠനം.